ശ്രീനഗർ: പൊലീസിന്‍റെയും സെൻട്രൽ റിസർവ് പൊലീസ് സേനയുടെയും സമയോചിത ഇടപെടല്‍ മൂലം പുല്‍വാമയില്‍ തീവ്രവാദികളുടെ സ്ഫോടന ശ്രമം വിഫലമായി. വാഹനത്തില്‍ സ്ഫോടന വസ്തുക്കള്‍ ഘടിപ്പിച്ച് നടത്താനിരുന്ന സ്ഫോടനമാണ് അധികൃതര്‍ ഇല്ലാതാക്കിയത്. കശ്മീർ പൊലീസിന്‍റെ ഔദ്യോഗിക ട്വിറ്ററിലാണ് ഇക്കാര്യം പുറത്തുവിട്ടത്.
സ്‌ഫോടകവസ്തുക്കൾ നിറച്ച കാറുമായി തീവ്രവാദികൾ സഞ്ചരിക്കുന്നതായി ബുധനാഴ്ച രാത്രി പുൽവാമ പൊലീസിന് വിവരം ലഭിച്ചു. പൊലീസും സുരക്ഷാ സേനയും തീവ്രവാദികൾ വരാൻ സാധ്യയുള്ള എല്ലാ പ്രദേശവും വളഞ്ഞു. സംശാസ്പദമായി വന്ന വാഹനത്തിന് നേരെ പൊലീസും സുരക്ഷാ സേനയും വെടിയുതിർത്തു. വാഹനം നിർത്തി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിന്‍റെ പിൻസീറ്റിലെ ഡ്രമ്മിൽ നിന്ന് സ്ഫോടന വസ്തുക്കൾ കണ്ടെടുത്തു. തുടർന്ന് അടുത്തുള്ള വീടുകളിലെ ആളുകളെ ഒഴിപ്പിച്ചു. ബോംബ് ഡിസ്പോസൽ സ്ക്വാഡ് സ്ഥലത്തെത്തി കാർ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ജമ്മു മേഖലയിലെ ക്വത്‌വ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്‌കൂട്ടറിന്‍റെ നമ്പർ പ്ലേറ്റാണ് വാഹനത്തിൽ ഘടിപ്പിച്ചിരുന്നത്.