മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എട്ട് പേരും ലെജിസ്റ്റേറ്റീവ് കൗൺസിൽ അംഗങ്ങളായി തിങ്കളാഴ്‌ച ഉച്ചക്ക് ഒരു മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. മെയ് 14നാണ് താക്കറെ സംസ്ഥാന ലെജിസ്റ്റേറ്റീവ് കൗൺസിൽ അംഗമായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. കൗൺസിലിലേക്ക് താക്കറെ എത്തുന്നത് മഹാരാഷ്‌ട്രയിലെ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യ സർക്കാരിന് സ്ഥിരത നൽകും.
ഉദ്ദവിനെക്കൂടാതെ ശിവസേനയുടെ നീലം ഗോര്‍ഹെ, എന്‍സിപിയുടെ ശശികാന്ത് ഷിന്‍ഡെ, അമോല്‍ മിത്കരി, കോണ്‍ഗ്രസിന്‍റെ രാജേഷ് റാത്തോഡ്, ബിജെപിയിലെ ഗോപിചന്ദ് പദാല്‍ഖര്‍, പ്രവീണ്‍ ദാത്‌കെ, രാജ്‌നീത് സിങ് മൊഹിതെ പാട്ടീല്‍, അജിത് ഗോപ്ചന്ദെ, രമേശ് കരാദ് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുന്ന മറ്റുള്ളവര്‍.
മഹാരാഷ്ട്ര നിയമസഭയിലെ ഇരുസഭകളിലും അംഗമല്ലാത്ത ഉദ്ദവ് താക്കറെ കഴിഞ്ഞ വർഷം നവംബർ 28നാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. അദ്ദേഹത്തിന് മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ മെയ് 28ന് മുമ്പായി എംഎല്‍എയോ നിയമസഭാ കൗണ്‍സില്‍ അംഗമോ ആയി തെരഞ്ഞെടുക്കപ്പെടണമായിരുന്നു. അല്ലാത്തപക്ഷം മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വരുമായിരുന്നു.