മുംബൈ: മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ തെരുവിലേക്ക് നീളുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് പിന്നാലെ തെരുവില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ച ബിജെപി പ്രവര്‍ത്തകരും, പുറമേ നിന്നെത്തിയ എന്‍സിപി പ്രവര്‍ത്തകരും തമ്മില്‍ എറ്റുമുട്ടി. ലാത്തൂരില്‍ നടന്ന സംഘര്‍ഷത്തില്‍ ഒമ്പത് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. പതിനേഴ് പേര്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
സംഘര്‍ഷത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍റെ അമ്മയ്‌ക്കും പരിക്കേറ്റിട്ടുണ്ട്. മാരകായുധങ്ങളുമായി ഇരച്ചെത്തിയ എന്‍സിപി പ്രവര്‍ത്തകര്‍ വീടിനുള്ളില്‍ പ്രവേശിക്കുകയും. കുടുംബാംഗങ്ങളെ ഉപദ്രവിക്കുകയും ചെയ്‌തെന്ന് പരിക്കേറ്റ സ്‌ത്രീ പ്രതികരിച്ചു. സ്‌ത്രീകളെ ചൂരല്‍ ഉപയോഗിച്ച് മര്‍ദിച്ച അക്രമിസംഘം, തന്‍റെ മകനെ വാള്‍ ഉപയോഗിച്ച് ആക്രമിച്ചെന്നും ബിജെപി പ്രവര്‍ത്തകന്‍റെ അമ്മ കൂട്ടിച്ചേര്‍ത്തു.
വധശ്രമം, കലാപത്തിന് സമാനമായ അന്തരീക്ഷം സൃഷ്‌ടിക്കല്‍, മാരാകായുധങ്ങള്‍ ഉപയോഗിച്ച് അക്രമം നടത്തല്‍, വീടുകളില്‍ അതിക്രമിച്ച് കടക്കല്‍, മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് അറസ്‌റ്റിലായവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അക്രമങ്ങളുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തിന്‍റെ എല്ലാ മേഖലയിലും പൊലീസ് സുരക്ഷ ശക്‌തമാക്കിയിട്ടുണ്ട്.