മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിലെ തഡോബ-അന്ധാരി ടൈഗർ റിസർവിൽ (ടിഎടിആർ) 63 വയസുള്ള സ്‌ത്രീ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ സതാര വനത്തിലേക്ക് ടെൻഡു ഇലകൾ ശേഖരിക്കാൻ പോയ ലീലബായ് ജിവ്ടോഡെയെയാണ് കടുവ കൊന്നത്. കൊളാര ഗ്രാമവാസിയായ ഇവരുടെ മൃതദേഹം റിസർവിന്‍റെ ഉള്ളിൽ നിന്നാണ് കണ്ടെത്തിയത്.
സംരക്ഷിത വനമേഖലയായ സതാര പ്രദേശത്ത് കടുവ മറഞ്ഞിരിപ്പുണ്ടെന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഗ്രാമവാസികൾ വനത്തിനുള്ളിലേക്ക് കടക്കുന്നത്. ഈ മേഖലയിൽ കടുവയുടെ ആക്രമണത്തിൽ മുമ്പും ഒരാൾ കൊല്ലപ്പെട്ടിരുന്നു. ചന്ദ്രപൂർ ജില്ലയിൽ കടുവ ആക്രമണത്തിൽ ഈ വർഷം മൊത്തം 11 പേർ മരിച്ചിട്ടുണ്ട്.