മുംബൈ: കൊവിഡ്-19 ഭേദമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും മടങ്ങിയെത്തിയ 45കാരനായ രോഗിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂനെ ദൗണ്ടിനടുത്തുള്ള റെയില്‍വേ ട്രാക്കിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെത് ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. മരിച്ചയാളുടെ ഭാര്യ കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നാണ് ഇയാളെ കൊവിഡ് പരിശോധനക്ക് വിധേയനാക്കിയത്. ഫലം പോസിറ്റീവായിരുന്നു. ജൂണ്‍ 24നാണ് ഇയാളെ കൊവിഡ് ചികിത്സക്ക് വിധേയനാക്കിയത്. അടുത്ത ദിവസം തന്നെ ഇയാളുടെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
രോഗവിമുക്തി നേടിയ ഇയാള്‍ ആശുപത്രിയില്‍ നിന്നും ദൗണ്ടിനടുത്തുള്ള ജേഷ്ഠന്റെ വീട്ടിലേക്ക് പോയി. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നിരുന്ന ഇയാളെ പിറ്റേദിവസം കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അമ്മയുടെ മരണവും കൊവിഡ് രോഗം മൂലമുണ്ടായ മാനസീക സംഘര്ഷവുമാകാം മരണകാരണമെന്നാണ് ബന്ധുക്കളുടെ വിലയിരുത്തല്‍. ഇതുവരെയും ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.