മുംബൈ: മഹാരാഷ്ട്രയിൽ നിന്നും 2.74 കോടി രൂപയുടെ ഗുട്ട്ക, പാൻ മസാല, മറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ എന്നിവ പിടിച്ചെടുത്തു. താനെ ജില്ലയിലെ ഭിവണ്ടിയിലെ ഒരു സംഭരണ ശാലയിൽ നിന്നാണ് ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്‌മിനിസ്ട്രേഷൻ (എഫ്‌ഡിഎ) പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്‌തതായി അധികൃതർ അറിയിച്ചു. രണ്ട് ദിവസങ്ങളിലായി അധികൃതർ ഭിവണ്ടിയിലെ ഖാർബാവോ പ്രദേശത്ത് നടത്തിയ റെയ്‌ഡിലാണ് പുകയില ഉൽപന്നങ്ങളുടെ പിടിച്ചെടുക്കലും അറസ്റ്റും. പിടിച്ചെടുക്കൽ നടപടികൾ 30 മണിക്കൂർ നീണ്ടുനിന്നതായി എഫ്‌ഡിഎയിലെ കൊങ്കൺ ഡിവിഷൻ ജോയിന്‍റ് കമ്മിഷണർ ശിവാജി ദേശായി പറഞ്ഞു.
എഫ്‌ഡിഎക്ക് ലഭിച്ച സൂചനയെത്തുടർന്നാണ് റെയ്‌ഡ് നടത്തിയത്. സംഭരണ ശാല ഈ അടുത്ത കാലം വരെ വിവാഹ വേദിയായാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇത് പൊതുവേദിയായി ഉപയോഗിക്കാറില്ല. പിടിച്ചെടുത്ത വസ്‌തുക്കളുടെ മൊത്തം വില 2,74,52,700 രൂപയാണെന്നും ഭിവണ്ടി സോൺ എഫ്‌ഡിഎ അസിസ്റ്റന്‍റ് കമ്മിഷണർ ഭൂഷൺ മോറെ പറഞ്ഞു. പുകയില ഉൽപന്നങ്ങളുടെ കച്ചവടക്കാരനായ അമർബഹദൂർ രാംഖിലവൻ സരോജിനെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. പരിശോധന നടത്തുമ്പോൾ ഇയാൾ സ്ഥലത്തുണ്ടായിരുന്നു. സരോജിനെ പ്രാദേശിക കോടതിയിൽ ഹാജരാക്കി. തിങ്കളാഴ്‌ച്ച വരെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
എഫ്‌ഡിഎ ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭിവണ്ടി പൊലീസ് ഭക്ഷ്യസുരക്ഷ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും ഐപിസി 188 , 272, 273, 328, എന്നിവ പ്രകാരം കേസെടുത്തു. സംഭരണ ശാലയുടെ ഉടമ ഉൾപ്പെടെ മൂന്ന് പേരെക്കൂടി അന്വേഷിക്കുന്നതായി എഫ്‌ഡിഎ അധികൃതർ അറിയിച്ചു.