മുംബൈ: പ്ലാസ്റ്റിക്ക് ഉപയോഗം നിരോധിക്കുന്നതിന്‍റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്ന വിദ്യാർഥികൾക്ക് മഹാരാഷ്ട്ര സർക്കാർ പ്രതിഫലം നൽകുന്നു. പ്ലാസ്റ്റിക് ഏറ്റവും കടുത്ത പാരിസ്ഥിതിക ആശങ്കയായി മാറിയതിന്‍റെ പശ്ചാത്തലത്തിലാണ് സർക്കാർ ഫലപ്രദമായ നടപടികളുമായി മുന്നോട്ട് വന്നത്.
പ്ലാസ്റ്റിക് മാലിന്യം ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുന്നതിന് മഹാരാഷ്ട്രയിലെ ജാൽന ജില്ലയിലെ ബദ്‌നാപൂര്‍ നഗരത്തില്‍ 'ഘരി സഥ്വ', 'ശഅലെത് പഥ്വ' എന്നീ പദ്ധതികള്‍ ആരംഭിച്ചു.പ്ലാസ്റ്റിക് ഉപയോഗിക്കാതെ പരിസ്ഥിതി സംരക്ഷിക്കാൻ ഈ പദ്ധതി സ്കൂൾ വിദ്യാർഥികളെ പഠിപ്പിക്കുന്നു. വിദ്യാർഥികൾ എല്ലാ പ്ലാസ്റ്റിക് വസ്തുക്കളും വീട്ടിൽ നിന്ന് കൊണ്ടുവന്ന് സ്കൂളിൽ ശേഖരിക്കുന്നു. തുടര്‍ന്ന് ബദ്‌നാപൂർ നഗരസഭയില്‍ നിന്നുള്ള വാഹനത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നു.
നിരവധി സ്കൂളുകൾ പദ്ധതിയില്‍ പങ്കെടുത്തിട്ടുണ്ടെന്നും വെറും നാല് മാസത്തിനുള്ളിൽ 500 ക്വിന്‍റല്‍ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുവെന്നും ബദ്നാപൂർ നഗർ പഞ്ചായത്തിലെ ചീഫ് ഓഫീസർ ഡോ. പല്ലവി അംബോർ പറഞ്ഞു. വിദ്യാർഥികളുടെ പരിശ്രമത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, ബദ്‌നാപൂർ പൊലീസ് ഇൻസ്പെക്ടർ ഖേദേക്കർ വിദ്യാർഥികൾക്ക് പഠന സാമഗ്രികളും ചെറിയ പ്രതിഫലങ്ങളും നൽകി.