മുംബൈ: രോഗികളില്‍ നിന്നും അമിതഫീസ് ഈടാക്കിയ മഹാരാഷ്‌ട്രയിലെ കൊവിഡ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി. കൊവിഡ് ആശുപത്രിയെന്ന പദവിയും താനെ നഗര ഭരണകൂടം എടുത്തുകളഞ്ഞിട്ടുണ്ട്. ബില്ലുകള്‍ പരിശോധിക്കുന്നതിനായി താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണകൂടം ഒരു ഓഡിറ്റ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. 15 ആശുപത്രികളിലെ 27 ലക്ഷത്തിന്‍റെ അധിക ബില്ല് കണ്ടെത്തിയിട്ടുണ്ട്. പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഗോദ്ബുണ്ടര്‍ റോഡിലെ സ്വകാര്യ ആശുപത്രിയുടെ ലൈസന്‍സ് ഒരു മാസത്തേക്ക് റദ്ദാക്കിയും കൊവിഡ് രോഗികളെ ചികില്‍സിക്കാനുള്ള അനുമതിയും എടുത്തുകളഞ്ഞത്.
ആശുപത്രിയില്‍ ഓഡിറ്റ് ടീം നടത്തിയ പരിശോധനയിലാണ് 797 രോഗികളില്‍ നിന്ന് 56 ബില്ലുകളില്‍ നിന്നായി 6,08,900 രൂപ ഈടാക്കിയതായി കണ്ടെത്തിയത്. ജൂലായ് 12 വരെയാണ് ഇത്രയും തുക ആശുപത്രി കൈപറ്റിയത്. നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ള രോഗികളില്‍ നിന്നും എത്ര പണമാണ് ഈടാക്കുന്നതെന്നറിയാന്‍ രണ്ട് ഉദ്യോഗസ്ഥരെ കോര്‍പ്പറേഷന്‍ ഭരണസമിതി നിയമിച്ചിട്ടുണ്ട്. അമിതചാര്‍ജ് ഈടാക്കുന്ന സമാനമായ മറ്റ് ആശുപത്രികള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി മുന്‍സിപ്പല്‍ കമ്മീഷണര്‍ സന്ദീപ് മാല്‍വി പറഞ്ഞു.