ഭോപാൽ: മധ്യപ്രദേശ് മന്ത്രിസഭ വിപുലീകരണം നാളെ നടക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. ഗവർണർ ഇന്നും മന്ത്രിസഭ നാളെയും അധികാരമേൽക്കും. ഉത്തർപ്രദേശ് ഗവർണറായ ആനന്ദിബെൻ പട്ടേലാണ് മധ്യപ്രദേശിന്‍റെ താൽകാലിക ഗവർണറായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
മധ്യപ്രദേശ് ഗവർണറായിരുന്ന ലാൽ ജി ടണ്ടൻ അവധിയിൽ പ്രവേശിച്ച സാഹചര്യത്തിലാണ് ആനന്ദിബെൻ പട്ടേൽ സ്ഥാനമേറ്റത്. ലാൽ ജി ടണ്ടൻ ലക്‌നൗവിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. നരോട്ടം മിശ്ര, കമൽ പട്ടേൽ, മീന സിംഗ്, തുളസി സിലാവത്ത്, ഗോവിന്ദ് സിംഗ് രജ്‌പുത് എന്നിവർ തുടങ്ങിയവർ ഏപ്രിൽ 21 ന് സത്യപ്രതിജ്ഞ ചെയ്‌ത് സ്ഥാനമേറ്റു. മാർച്ച് 23 നാണ് ശിവരാജ് സിംഗ് ചൗഹാൻ മധ്യപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റത്. 22 കോൺഗ്രസ് എംഎൽഎമാരുടെ രാജിക്ക് ശേഷം കമൽനാഥ് സർക്കാരിന് സംസ്ഥാനത്ത് ഭൂരിപക്ഷം നഷ്‌ടപ്പെട്ട സാഹചര്യത്തിലാണ് ശിവരാജ് സിംഗ് ചൗഹാൻ സ്ഥാനമേറ്റത്.