സോളന്‍ (ഹിമാചല്‍പ്രദേശ്): വിശ്വാസവും ഭക്തിയും ആചാരങ്ങളും വഴിപാടുകളും പലരൂപത്തിലാണ്. ദേശങ്ങൾ മാറുമ്പോൾ ഇവയ്‌ക്കെല്ലാം മാറ്റം വരും. എന്നാല്‍ ഹിമാചല്‍ പ്രദേശിലെ സോളൻ ജില്ലയിലെ ശിവക്ഷേത്രത്തിലെ വഴിപാട് അല്‍പ്പം വ്യത്യസ്തമാണ്.
സിഗരറ്റ് കത്തിച്ച് വിഗ്രഹത്തില്‍ വെക്കുന്നതാണ് പ്രധാന വഴിപാട്. സോളന്‍ ജില്ലയിലെ ആര്‍ക്കി എന്ന സ്ഥലത്ത് നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് ലുത്രു മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നു കൂടിയാണ് ഇത്.
ശിവലിംഗത്തില്‍ സിഗരറ്റ് വെക്കുമ്പോള്‍ കത്തിത്തുടങ്ങും. ഭക്തർ സിഗരറ്റ് വാങ്ങി ക്ഷേത്രത്തിലെത്തി വഴിപാടായി നല്‍കുന്നതാണ് ഇവിടുത്തെ രീതി. 1621 ൽ ബാഗൽ രാജാവാണ് ക്ഷേത്രം പണിതെന്നാണ് രേഖകള്‍. ശിവന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ക്ഷേത്രം പണിയാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് രാജാവ് ക്ഷേത്രം പണിതതെന്നാണ് വിശ്വാസം. ഗുഹക്കുള്ളിലുള്ള ഈ ക്ഷേത്രത്തില്‍ അഗസ്ത്യ മുനി ധ്യാനിക്കാറുണ്ടായിരുന്നെന്നും ശിവന്‍ പ്രത്യക്ഷപ്പെട്ട് സമുദ്ര ദേവന്‍റെ കോപത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നും വിശ്വാസമുണ്ട്.
ശിവരാത്രി മഹോത്സവ കാലത്ത് നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്താറുള്ളത്. മറ്റ് ക്ഷേത്രങ്ങളിലെ ശിവലിംഗ പ്രതിഷ്ഠയില്‍ നിന്ന് വ്യത്യസ്തമായി ഭക്തര്‍ക്ക് സിഗരറ്റ് വെക്കാന്‍ പാകത്തിന് കുഴികളുള്ള ശിവലിംഗമാണ് ഇവിടുത്തേത്. ഈ ഗുഹയില്‍ പരശുരാമന്‍ താമസിച്ചിരുന്നെന്നും വിശ്വാസമുണ്ട്.