ന്യൂഡൽഹി: ദില്ലി - ഗുരുഗ്രാം അതിർത്തിയിൽ വാഹനങ്ങളുടെ നീണ്ട നിര. അന്തർ സംസ്ഥാന യാത്ര അനുവദിച്ചതിനെ തുടർന്നാണ് ഗുരുഗ്രാം അതിർത്തിയിൽ വാഹനങ്ങളുടെ ഇത്ര നീണ്ട നിര രൂപപെട്ടത്. അതിരാവിലെ തന്നെ ഡൽഹി- ഗുരുഗ്രാം അതിർത്തിയിൽ യാതൊരു പരിശോധനയും കൂടാതെ വാഹനങ്ങൾ ഓടി. ഇതേ തുടർന്ന് പലരും വാഹനങ്ങളുമായി ഇറങ്ങിയതാണ് നീണ്ട നിരയ്ക്ക് കാരണമായത്.
ദില്ലി -ഗാസിയാബാദ് അതിർത്തിയിലും സമാനമായ സാഹചര്യം ഉണ്ടായെങ്കിലും ഗൗതം ബുദ്ധ നഗറിലെ ജില്ലാ ഭരണകൂടം അതിർത്തി അതിർത്തി അടയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ഗൗതം ബുദ്ധ നഗർ ആരോഗ്യവകുപ്പിന്‍റെ റിപ്പോർട്ട് അനുസരിച്ച്, കൊവിഡ് -19 രോഗത്തിന് കഴിഞ്ഞ 20 ദിവസത്തിനിടെ 42 ശതമാനത്തിന്റെ വർധനവാണ് ദില്ലിയിൽ കണ്ടെത്തിയത്.
അതേസമയം, കൊവിഡ് -19 പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്നതിനിടയിൽ അടുത്ത ഒരാഴ്ചത്തേക്ക് ഡല്‍ഹിയുടെ അതിർത്തികൾ അടിച്ചിടുമെന്നും അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചു.
അഞ്ചാം ഘട്ട ലോക്ക് ഡൗണിൽ അന്തർസംസ്ഥാന നീക്കത്തിന് യാതൊരു നിയന്ത്രണവുമില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതിന്‍റെ പേരിലാണ് പലരും വാഹനങ്ങളുമായി നിരത്തിലിറങ്ങിയത്. എന്നാൽ യാത്രകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാറുകൾക്ക് തീരുമാനമെടുക്കാം എന്നതിന്‍റെ അടിസ്ഥാനത്തിലാണ് അതിർത്തികൾ അടച്ചിടാൻ ഡല്‍ഹി മുഖ്യമന്ത്രി തയ്യാറായത്.