ജയ്പൂർ: രാജസ്ഥാനിലെ വെട്ടുകിളി ആക്രമണം നിയന്ത്രിച്ചതായി കാർഷിക വകുപ്പ്. 383 സ്ഥലങ്ങളിലായി 11,6091 ഹെക്ടർ സ്ഥലത്ത് വെട്ടുകിളി ആക്രമണത്തെ നിയന്ത്രിച്ചിട്ടുണ്ടെന്ന് രാജസ്ഥാൻ കൃഷി വകുപ്പിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 11ന് ജയ്സാൽമീർ, ശ്രീഗംഗനഗർ ജില്ലകളിലാണ് ആദ്യം വെട്ടുകിളി ആക്രമണം ഉണ്ടായത്. മെയ് 30ന് അൽവാർ ജില്ലയിലും വെട്ടുകിളി ആക്രമണം ഉണ്ടായതായി കാർഷിക വകുപ്പിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
വെട്ടുകിളിയുടെ ആക്രമണം നിയന്ത്രിക്കാൻ 120 വാഹനങ്ങൾ, 800 ട്രാക്ടറുകളിലായി ഘടിപ്പിച്ച മരുന്ന്, 3200 വാട്ടർ ടാങ്കറുകൾ എന്നിവ വകുപ്പ് അനുവദിച്ചതായി റിപ്പോർട്ടിൽ പറയുന്നു. വെട്ടുകിളി ആക്രമണത്തെ നേരിടാൻ വകുപ്പ് 15 കോടി രൂപ അനുവദിച്ചതായും റിപ്പോർട്ടിലുണ്ട്. പ്രവർത്തനങ്ങൾക്കായി ദുരന്തനിവാരണ വകുപ്പ് ജില്ലാ കലക്ടർമാർക്ക് 1.45 കോടി രൂപ അനുവദിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ജയ്പൂരിലെ സമോഡിലെ വെട്ടുകിളികളുടെ ചലനം നിരീക്ഷിക്കാൻ അടുത്തിടെ കൃഷി വകുപ്പ് ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.