ന്യൂഡൽഹി: ഉത്തരേന്ത്യയിൽ വ്യാപകമായ വെട്ടുകിളികളെ നിയന്ത്രിക്കാനുള്ള ശ്രമം ശക്തമാക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രാലയം അറിയിച്ചു. കീടനാശിനികൾ ആകാശത്ത് നിന്നും തളിക്കുന്നതിനായി രണ്ടാഴ്ചയ്ക്കുള്ളിൽ 15 സ്പ്രേയറുകൾ യുകെയിൽ നിന്ന് വാങ്ങുമെന്നും ഡ്രോണുകളും ഹെലികോപ്റ്ററുകളും വിന്യസിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്നും കേന്ദ്ര കൃഷി മന്ത്രാലയം അറിയിച്ചു.
ഇന്തോ-പാക് അതിർത്തി പ്രദേശങ്ങളിൽ നിന്ന് പുതിയ വെട്ടുകിളികൾ പ്രവേശിച്ചതായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. സംസ്ഥാന കാർഷിക വകുപ്പുകൾ, പ്രാദേശിക ഭരണകൂടം, അതിർത്തി സുരക്ഷാ സേന എന്നിവയുമായി ഏകോപിപ്പിച്ച് നിയന്ത്രണ നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബാർമർ, ജോധ്പൂർ, നാഗൗർ, ബിക്കാനീർ, സൂറത്ഗഡ്, രാജസ്ഥാനിലെ ദൗസ ജില്ലകൾ, ഉത്തർപ്രദേശിലെ ഝാൻസി ജില്ല, റെവ, മൊറീന, ബെതുൽ, മധ്യപ്രദേശിലെ ഖണ്ട്വ ജില്ലകൾ, നാഗ്പൂർ, അമരാവതി എന്നിവിടങ്ങളിൽ ചെറിയ വെട്ടുക്കിളികളുടെ സജീവമായ കൂട്ടങ്ങളുണ്ട്. ചില ഇടങ്ങളിൽ നിയന്ത്രണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് കൃഷി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സർക്കാരിന് ഈ വിഷയത്തിൽ ആശങ്കയുണ്ടെന്നും സ്ഥിതിഗതികൾ അടിയന്തിരമായി കൈകാര്യം ചെയ്യണമെന്നും വെട്ടുക്കിളി നിയന്ത്രണ പ്രവർത്തനം കാർഷിക മന്ത്രാലയ ഉദ്യോഗസ്ഥരുമായി അവലോകനം ചെയ്ത തോമർ പറഞ്ഞു.
ദുരിതബാധിത സംസ്ഥാനങ്ങളായ രാജസ്ഥാൻ, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവയുമായി കേന്ദ്രം അടുത്ത ബന്ധത്തിലാണെന്നും ഉപദേശങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.അടുത്ത 15 ദിവസത്തിനുള്ളിൽ 15 സ്പ്രേയറുകൾ ബ്രിട്ടനിൽ നിന്ന് വരുമെന്നും, ഒന്നര മാസത്തിനുള്ളിൽ 45 സ്പ്രേയറുകൾ കൂടി വാങ്ങിമെന്നും മന്ത്രി പറഞ്ഞു.
വെട്ടുകിളികളുടെ നിയന്ത്രണത്തിനായി ഉയരമുള്ള മരങ്ങളിലും എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങളിലും കീടനാശിനികൾ തളിക്കാൻ ഡ്രോണുകൾ ഉപയോഗിക്കും, അതേസമയം ആകാശത്ത് നിന്ന് കീടനാശിനി തളിക്കാൻ ഹെലികോപ്റ്ററുകൾ വിന്യസിക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്.
കീടനാശിനികൾ തളിക്കുന്നതിന് ഡ്രോൺ ഉപയോഗിക്കുന്നതിനുള്ള ടെൻഡര്‍ രണ്ട് സ്ഥാപനങ്ങൾക്ക് ഇതിനകം തന്നെ നൽകിയതായും അദ്ദേഹം പറഞ്ഞു. ഡ്രോണുകളിലൂടെയും ഹെലികോപ്റ്റർ വഴിയും കീടനാശിനികൾ തളിക്കുന്നതിനുള്ള സേവനം നൽകുന്നതിനും ആവശ്യമായ സാധനങ്ങൾ ശേഖരിക്കുന്നതിനും കാർഷിക വകുപ്പിന്‍റെ അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
വെട്ടുക്കിളികളുടെ വ്യാപനം പരിശോധിക്കാൻ 11 റീജിയണൽ കട്രോൾ റൂമും പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ടെന്ന് തോമർ പറഞ്ഞു. ദുരിതബാധിത സംസ്ഥാനങ്ങൾക്ക് അധിക വിഭവങ്ങളും ആവശ്യമെങ്കിൽ ധനസഹായവും അനുവദിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
അതേസമയം, നിയന്ത്രണ സാധ്യതകൾ ശക്തിപ്പെടുത്തുന്നതിനായി 55 വാഹനങ്ങൾ കൂടി വാങ്ങുന്നതിനുള്ള വിതരണ ഉത്തരവ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര കൃഷി മന്ത്രാലയം അറിയിച്ചു. വെട്ടുകിളി നിയന്ത്രണ ഓർഗനൈസേഷനുകളിൽ വേണ്ടത്ര കീടനാശിനി ശേഖരം (53,000 ലിറ്റർ മാലത്തിയോൺ) ഏർപ്പെടുത്തും.
വ്യാഴാഴ്ച വെട്ടുക്കിളികളുടെ കൂട്ടത്തിലേക്ക് പുതിയ കിളികൾ വന്നിട്ടില്ലെന്നും എന്നാൽ മെയ് 26 ന് രാജസ്ഥാനിലെ ശ്രീ ഗംഗനഗർ ജില്ലയിൽ നിന്ന് വെട്ടുക്കിളി കൂട്ടം പുറപ്പെട്ടിട്ടുണ്ടെന്നും ഈ കൂട്ടങ്ങൾക്കെതിരെയുള്ള നിയന്ത്രണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
വെട്ടുകിളി നിയന്ത്രണ ഓഫീസുകളിൽ (എൽസിഒ) 47 സ്പ്രേ ഉപകരണങ്ങൾ വെട്ടുക്കിളി നിയന്ത്രണത്തിനായി ഉപയോഗിക്കുന്നുണ്ടെന്നും 200 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും കൃഷി സെക്രട്ടറി സഞ്ജയ് അഗർവാൾ പറഞ്ഞു.
മുന്‍കൂട്ടിനിശ്ചയിച്ച മരുഭൂമി പ്രദേശങ്ങൾ കൂടാതെ, രാജസ്ഥാനിലെ ജയ്പൂർ, ചിറ്റോർഗഡ്, ദൗസ, ഷിയോപൂർ, നീമുച്ച്, മധ്യപ്രദേശിലെ ഉജ്ജൈൻ, ഉത്തർപ്രദേശിലെ ഝാൻസി എന്നിവിടങ്ങളിൽ വെട്ടുകിളി നിയന്ത്രണത്തിനായി താൽക്കാലിക നിയന്ത്രണ ക്യാമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
രാജസ്ഥാൻ, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ 334 സ്ഥലങ്ങളിൽ 50,468 ഹെക്ടർ സ്ഥലത്ത് വെട്ടുകിളികളെ നിയന്ത്രിച്ചിട്ടുണ്ട്. കൺട്രോൾ സ്പ്രേ വാഹനങ്ങൾ, ട്രാക്ടറിൽ ഘടിപ്പിച്ച സ്പ്രേയറുകൾ, അഗ്നിശമന സേന വാഹനങ്ങൾ എന്നിവയുടെ സഹായത്തോടെ ബന്ധപ്പെട്ട ജില്ലാ അധികാരികളുടെയും സംസ്ഥാന കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിൽ എല്ലാ ദിവസവും രാവിലെ വെട്ടുകിളി നിയന്ത്രണ പ്രവർത്തനങ്ങൾ നടക്കാറുണ്ട്.
വെട്ടുകിളി നിയന്ത്രണത്തിനായി 778 ട്രാക്ടറുകളും 50 ഫയർ ബ്രിഗേഡ് വാഹനങ്ങളും രാജസ്ഥാൻ സർക്കാർ ഒരുക്കിയിട്ടുണ്ട്. മധ്യപ്രദേശിൽ 72 ട്രാക്ടറുകളും 38 ഫയർ ബ്രിഗേഡ് വാഹനങ്ങളും ഉത്തർപ്രദേശിൽ ആറ് ട്രാക്ടറുകളും പഞ്ചാബിൽ 50 ട്രാക്ടറുകളും ആറ് ഫയർ ബ്രിഗേഡ് വാഹനങ്ങളുമാണ് വിന്യസിപ്പിട്ടുള്ളത്.
നിലവിൽ, പിങ്ക് നിറത്തിലുള്ള ചെറിയ വെട്ടുക്കിളികളുടെ കൂട്ടങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്, ഇവ വളരെ ചെറുതായതിനാൽ നശിപ്പിക്കാൻ ബുദ്ധിമുട്ടാണ്. ഒരു കൂട്ടം വെട്ടുകിളികളെ പൂർണമായി ഇല്ലാതാക്കുന്നതിന് കുറഞ്ഞത് നാല് മുതൽ അഞ്ച് ദിവസം വരെ ആവശ്യമാണ്. ഇവയെ നശിപ്പിക്കുന്നതിന് ആവശ്യമായ കീടനാശിനികൾ ലഭ്യമാണെന്ന് വെട്ടുകിളി നിയന്ത്രണ ഓർഗനൈസേഷന്‍റെ പ്രസ്താവനയിൽ പറയുന്നു.