ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ മെയ് 31 വരെ തുടരുമെന്ന് മുഖ്യമന്ത്രി കെ. പളനിസ്വാമി. എന്നാൽ 25 ജില്ലകളിൽ പൊതുഗതാഗത സൗകര്യങ്ങൾക്ക് ഇളവുകൾ നൽകുമെന്നും, ചെന്നൈ ഉൾപ്പെടെയുള്ള മറ്റ് 12 ജില്ലകളിൽ കർശനമായ നിയന്ത്രണങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥരുമായും മെഡിക്കൽ വിദഗ്‌ധരുമായും നടത്തിയ ചർച്ചക്ക് ശേഷമാണ് ലോക്ക് ഡൗൺ നീട്ടാൻ തീരുമാനമായത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ തുടർന്നും അടച്ചിടും. കോയമ്പത്തൂർ, സേലം, ഈറോഡ്, തിരുപ്പൂർ, നാമക്കൽ, കാരൂർ ഉൾപ്പെടെ 25 ജില്ലകളിൽ ആളുകൾക്ക് ടിഎൻ ഇ-പാസില്ലാതെ സർക്കാർ, സ്വകാര്യ ബസുകളിൽ സംസ്ഥാനത്തിനുള്ളിൽ യാത്ര ചെയ്യാൻ സാധിക്കും. ലോക്ക് ഡൗണിന്‍റെ ഭാഗമായി ഈ വർഷം മാർച്ച് 24 മുതൽ സംസ്ഥാനത്ത് പൊതുഗതാഗതം നിർത്തിവെച്ചിരുന്നു.