ടിക്കാംഗഡ്: ഉത്തർപ്രദേശിനോട് ചേർന്നുള്ള അതിർത്തി പ്രദേശത്ത് സംശയാസ്പദമായ തരത്തിൽ വന്ന ആളുകളെ പരിശോധിക്കുന്നതിനിടെ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടറെ (എ.എസ്.ഐ) മദ്യ മാഫിയകൾ ആക്രമിച്ചു. പരിശോധന നടത്തിയ എ.എസ്.ഐ മർദ്ദിച്ച് തട്ടിക്കൊണ്ട് പോകാൻ ശ്രമം നടത്തുന്നതിനിടെ നാട്ടുകാർ ചേർന്ന് പൊലീസുകാരനെ രക്ഷപ്പെടുത്തി. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായിട്ടുണ്ട്.
യുപി-എംപി അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ നിയമിച്ച എ.എസ്.ഐ ഷെയ്ഖ് മദീനെയാണ് മദ്യ മാഫിയകൾ ആക്രമിച്ചത്. ചെക്ക് പോസിറ്റിൽ വഴിയാത്രക്കാരുടെ ഐഡികൾ പരിശോധിക്കുകയായിരുന്നു ഇദ്ദേഹം. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് കാര്‍ഡ്‌ബോഡ് പെട്ടികളിൽ മദ്യം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കാർ ചെക്ക് പോസ്റ്റിൽ എത്തിയത്. കാറിനൊപ്പം ഒരു മോട്ടോർ സൈക്കിളും ഉണ്ടായിരുന്നു. തുടർന്ന് എ.എസ്.ഐ ഇവരെ പരിശോധിക്കുകയും പ്രതികൾ തിരിച്ച് ആക്രമിക്കുകയും എ.എസ്.ഐ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയുമായിരുന്നെന്നും ഗ്രാമീണരുടെ സഹായത്തോടെ അദ്ദേഹത്തെ രക്ഷപ്പെടുകയും ആയിരുന്നെന്ന്, ടിക്കാംഗഡ് പൊലീസ് സൂപ്രണ്ട് അനുരാഗ് സുജാനിയ പറഞ്ഞു.
സംഭവസ്ഥലത്ത് നിന്ന് ബൈക്കും ഒരു കാര്‍ഡ്‌ബോഡ് പെട്ടിയും കണ്ടെത്തിയിട്ടുണ്ട്. മദ്യം കടത്താൻ ശ്രമിച്ച കാറിൽ പ്രസ്സ് എന്ന് എഴുതിയിട്ടുണ്ടെന്നും കാർ തിരിച്ചറിഞ്ഞതായും, പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് അജ്ഞാതർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്.