അഹമ്മദാബാദ്: ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിൽ ചൊവ്വാഴ്ച ഉണ്ടായ ഇടിമിന്നലിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ജാംനഗർ ജില്ലയിലെ ലാൽപൂരിലെ റാക്ക ഗ്രാമത്തിലെ ഫാമിൽ 35 വയസുകാരി, അവരുടെ 12 വയസുള്ള മകൻ, ദേവഭൂമി ദ്വാരക ജില്ലയിലെ രണ്ട് സ്ത്രീകൾ എന്നിവരാണ് മരിച്ചത്. ബോട്ടാഡ് ജില്ലയിലെ മൂന്ന് പേരും മരിച്ചു. മരിച്ചവരിൽ അഞ്ച് വയസുള്ള ആൺകുട്ടിയും 60 വയസുകാരനും 17 വയസുള്ള പെൺകുട്ടിയും ഉൾപ്പെടുന്നു.
മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയി. സൗരാഷ്ട്രയുടെ പല ഭാഗങ്ങളിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തത്. പ്രത്യേകിച്ച് ജാംനഗർ, ഗിർ സോംനാഥ്, ജുനാഗഡ്, രാജ്കോട്ട്, ഭാവ് നഗർ ജില്ലകളിൽ.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ജാംനഗറിലെ കലവാഡിൽ 73 മില്ലിമീറ്റർ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗിർ സോംനാഥ് ജില്ലയിലെ വെരാവലിനും ജാംനഗർ ജില്ലയിലെ ധ്രോളിനും വൈകുന്നേരം നാല് മണി വരെ 48 മില്ലീമീറ്റർ മഴ ലഭിച്ചു.