ന്യൂഡല്‍ഹി: ലഡാക്കിലെ പാങ്കോങ് തടാകത്തില്‍ ഇന്ത്യന്‍-ചൈനീസ് സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവായി. ഇരുരാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങള്‍ ചര്‍ച്ച നടത്തിയതോടെയാണ് സംഘര്‍ഷാവസ്ഥ നീങ്ങിയത്. ബുധനാഴ്‌ച കിഴക്കന്‍ ലഡാക്കില്‍ ഇരുരാജ്യങ്ങളിലെയും സൈനികര്‍ തമ്മില്‍ നേരിയ രീതിയില്‍ സംഘര്‍ഷമുണ്ടായിരുന്നു.
ഇന്ത്യന്‍ സൈന്യം പട്രോളിങ് നടത്തുന്നതിനിടെ ചൈനീസ് സൈന്യം പ്രദേശത്തേക്ക് എത്തുകയും തടയാന്‍ ശ്രമിക്കുകയുമുണ്ടായി. ഇതേ തുടര്‍ന്നാണ് പ്രദേശത്ത് നേരിയ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. എന്നാല്‍ പ്രതിനിധി സംഘങ്ങളുടെ ചര്‍ച്ചയെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഒഴിവായി. 135 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചു കിടക്കുന്ന പാങ്കോങ് തടാകത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗം ചൈനയുടെ നിയന്ത്രണത്തിലും ഒരുഭാഗം ഇന്ത്യയുടെ നിയന്ത്രണത്തിലുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം ചൈനീസ് പ്രസിഡന്‍റ് ഷിന്‍ ജിങ്പിങ്ങുമായി കൂടിക്കാഴ്‌ച നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ.