ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മുൻസിയാരി- ബുഗ്ദിയാർ യാർ- മിലാം റോഡിന്‍റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനൊരുങ്ങി അതിർത്തി റോഡ് ഓർഗനൈസേഷൻ. പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമായതിനാലാണ് 65 കിലോമീറ്റർ റോഡ് പണി വൈകിയത്. നിലവിൽ പാറകൾ മുറിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. ഇന്തോ- ചൈന അതിർത്തിക്കടുത്തുള്ള റോഡ് നിർമ്മാണ പദ്ധതികൾ ത്വരിതപ്പെടുത്താനാണ് ഈ നീക്കമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പ്രവർത്തനം പൂർത്തിയാക്കിയാൽ ജോഹർ വാലിയിലെ ഉയർന്ന ഹിമാലയൻ പ്രദേശത്ത് നിർമ്മിക്കുന്ന ഇന്തോ- ചൈന അതിർത്തിയിലെ അവസാന പോസ്റ്റുകളിലേക്കുള്ള ലിങ്കായിരിക്കും ഈ റോഡ്. പിത്തോറഗഡ് മുൻസിയാരി- ബോഗ്ദിയാർ- മിലാം റോഡ് ലിപുലെഖിനെ റോഡുമായി ബന്ധിപ്പിച്ച ശേഷം ഇപ്പോൾ മിലാമിൽ നിന്ന് ചൈന അതിർത്തിയിലേക്കുള്ള റോഡ് പണി ത്വരിതപ്പെടുത്തിയിരിക്കുകയാണ് ബിആർഒ. ഇതിനായി റോഡ് നിർമ്മാണ യന്ത്രങ്ങൾ മുൻസിയാരിയിൽ നിന്ന് ഹെലികോപ്റ്റർ സഹായത്തോടെ ലാസ്പയിലേക്ക് എത്തിക്കുകയാണ്.
അതേസമയം, ഇന്ത്യൻ സൈന്യത്തിലെ മേജർ ജനറൽ റാങ്ക് ഉദ്യോഗസ്ഥരും ഡിവിഷണൽ കമാൻഡർ തലത്തിലുള്ള ചൈനീസ് പിഎൽഎയും കിഴക്കൻ ലഡാക്കിൽ തുടർച്ചയായി മൂന്ന് ദിവസം “എമർജൻസി മോഡിൽ” കൂടിക്കാഴ്ച നടത്തി.