മുംബൈ: ചൈനയുടെ ആക്രമണത്തിന് ഉചിതമായ മറുപടി നൽകണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്. പ്രധാനമന്ത്രി ധീരനും യോദ്ധാവുമാണെന്നും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചൈനയ്‌ക്കെതിരെ പ്രതികാരം ചെയ്യണമെന്നും ചൈനക്ക് ഉചിതമായ മറുപടി എപ്പോൾ നൽകുമെന്നും അദ്ദേഹം ചോദിച്ചു. നിലവിലെ സാഹചര്യത്തിൽ രാജ്യം പ്രധാനമന്ത്രിയോടൊപ്പമുണ്ട് എന്നും മോദി എന്തുകൊണ്ട് ഒന്നും മിണ്ടുന്നില്ല എന്നും രാജ്യം സത്യം അറിയാൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കേണൽ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. അഞ്ച് പതിറ്റാണ്ടിനു ശേഷം ലഡാക്കിലെ ഏറ്റവും വലിയ സൈനിക ഏറ്റുമുട്ടലാണ് നടന്നത്.
അതേസമയം രക്തസാക്ഷിത്വം വരിച്ച ഇന്ത്യൻ സൈനികർക്ക് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ആദരാഞ്ജലി അർപ്പിച്ചു. രാജ്യത്തിന്‍റെ ഐക്യവും പരമാധികാരവും നിലനിർത്തുന്നതിൽ എല്ലാ ഇന്ത്യക്കാരും ഒത്തുചേരണമെന്നും അദ്ദേഹം പറഞ്ഞു.