ബെംഗളൂരു: കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്‍റ് ഡി.കെ. ശിവകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശിവകുമാറിനെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങൾ പ്രകടമല്ലെങ്കിലും താനുമായി ഈയിടെ ഇടപഴകിയ ആളുകളോട് വൈറസ് പരിശോധനക്ക് വിധേയമാകാനും വീട്ടിൽ ക്വാറന്‍റൈനിൽ കഴിയാനും ശിവകുമാർ നിർദേശം നൽകി.
കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, ജെഡി-എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി തുടങ്ങി നിരവധി രാഷ്‌ട്രീയ നേതാക്കൾ കെപിസിസി പ്രസിഡന്‍റ് ശിവകുമാർ വേഗത്തിൽ സുഖം പ്രാപിക്കാനും രോഗമുക്തനായി എത്രയും പെട്ടെന്ന് തന്നെ വീട്ടിലെത്താനും പ്രാർത്ഥിക്കുന്നതായി ആശംസിച്ചു. കഴിഞ്ഞ രണ്ടു മാസക്കാലയളവിൽ സംസ്ഥാന മുഖ്യമന്ത്രി യെദ്യൂരപ്പ, സിദ്ധരാമയ്യ, കർണാടക മന്ത്രിമാരായ ബി. ശ്രീരാമുലു, എസ്.ടി സോമശേഖർ, ആനന്ദ് സിംഗ്, സി.ടി രവി കൂടാതെ, ലോക്‌സഭാ അംഗങ്ങളും ഏതാനും എംഎൽഎമാരും എംഎൽസിമാരും കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയിരുന്നു. ഇവരെല്ലാം വൈറസിൽ നിന്ന് സുഖം പ്രാപിച്ചു.