ലക്‌നൗ : ഉത്തർപ്രദേശിൽ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 657 ആയി ഉയർന്നതായി ആരോഗ്യ വകുപ്പ്. ഇതുവരെ സംസ്ഥാനത്ത് അഞ്ച് പേർ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്.
ബസ്തി, മീററ്റ്, ബുലന്ദ്ഷാർ, വാരാണസി, ആഗ്ര എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്. തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് 75 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 80 മുതൽ 85 ശതമാനം ആളുകളും ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങിളിൽ നിന്നുള്ളവരാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് അവാസ്തി പറഞ്ഞു. ഇതോടെ യുപിയിൽ രോഗം സ്ഥിരീകരിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 558 ആയി ഉയർന്നു. സംസ്ഥാനത്ത് ആകെ വൈറസ് സ്ഥിരീകരിച്ചവരിൽ 49 പേർ രോഗ വിമുക്തരായി ആശുപത്രി വിട്ടതായി പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യം) അമിത് മോഹൻ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.
രോഗം ഭേദമായ 49 ആളുകളിൽ 13 പേർ നോയിഡയിലും പത്ത് പേർ ആഗ്രയിലും ഒൻപത് പേർ മീററ്റിലും ഏഴ് പേർ ഗാസിയാബാദിലും ആറ് പേർ ലഖ്‌നൗവിലും ഒരാൾ വീതം കാൺപൂർ, ഷംലി, പിലിഭിത്, ലഖിംപൂർ ഖേരി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
അതേസമയം സംസ്ഥാനത്തെ സാമ്പിൾ പരിശോധന നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും ഒരു ദിവസം 2,000 സാമ്പിളുകൾ എടുക്കുന്നുണ്ടെന്നും അമിത് മോഹൻ പ്രസാദ് പറഞ്ഞു.