ജയ്‌പൂർ: രാജസ്ഥാനിലെ കോട്ടയിൽ ജെ.കെ ലോൺ ഹോസ്പിറ്റലിൽ ഒരു മാസത്തിനിടെ 77 കുട്ടികൾ മരിച്ച സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. മെഡിക്കൽ വിദ്യാഭ്യാസ സെക്രട്ടറി വൈഭവ് ഗലേരിയയോടാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് റിപ്പോർട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. രാജസ്ഥാൻ ബാലാവകാശ കമ്മീഷനും സംഭവത്തിൽ ഇടപെട്ടു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോടും ജില്ലാ കലക്ടറോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മിഷൻ അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസത്തിനിടയിൽ 10 കുട്ടികളാണ് ആശുപത്രിയിൽ മരിച്ചത്. അതേസമയം സംഭവത്തില്‍ ആശുപത്രിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ആഭ്യന്തര അന്വേഷണ സമിതി സമര്‍പ്പിച്ച റിപ്പോർട്ടില്‍ പറയുന്നത്. ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നും ആശുപത്രി ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും റിപ്പോർട്ടിൽ പറയുന്നു.