ജയ്‌പൂര്‍: കോട്ടയിലെ ജെ.ജെ. ലോണ്‍ ആശുപത്രിയിലുണ്ടായ ശിശുമരണങ്ങളെ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് രാജസ്ഥാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ സെക്രട്ടറി വൈഭവ് ഗാലാരിയ. ഡോ. അമർജീത് മേത്ത, ഡോ. റമ്പാബു ശർമ, ഡോ. സുനിൽ ഭട്‌നഗര്‍ എന്നിവരടങ്ങുന്ന സംഘം രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കുട്ടികള്‍ക്ക് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ആശുപത്രിയില്‍ ചികിത്സക്ക് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശമുണ്ട്. നിയോനാറ്റല്‍ ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റ്, കരാര്‍ അടിസ്ഥാനത്തില്‍ നഴ്‌സിങ് സ്റ്റാഫുകളുടെ സേവനം ലഭ്യമാക്കുക തുടങ്ങി നിരവധി സൗകര്യങ്ങളില്‍ മാറ്റം വരുത്തണമെന്നും നിര്‍ദേശമുണ്ട്. കോട്ട-ബുണ്ടി പാർലമെന്‍ററി നിയോജകമണ്ഡലത്തിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയില്‍ ഈ മാസം 77 കുട്ടികള്‍ മരിച്ചിരുന്നു. നവജാത ശിശുക്കളുടെ മരണത്തില്‍ അന്വേഷണം നടത്താനും സ്ഥിതിഗതികള്‍ വിലയിരുത്താനും വിദഗ്ധ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ഒരു ഉന്നത സമിതിയെ നിയോഗിക്കാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് നിര്‍ദേശിച്ചിരുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.