ഐപിഎല്‍ പതിനെട്ടാം പതിപ്പിലെ മെഗാ താരലേലത്തിന് മുന്നോടിയായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് നിര്‍ദേശങ്ങളുമായി ദക്ഷിണാഫ്രിക്കൻ ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സ്. ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിന്‍റെ സാഹചര്യങ്ങള്‍ നന്നായി മനസിലാക്കാൻ കഴിയുന്ന ഒരു ടീമിനെ വേണം ആര്‍സിബി നിര്‍മ്മിക്കേണ്ടതെന്ന് ഡിവില്ലിയേഴ്‌സ് അഭിപ്രായപ്പെട്ടു. നവംബര്‍ അവസാനം നടക്കുന്ന താരലേലത്തില്‍ യുസ്‌വേന്ദ്ര ചഹാല്‍ ഉള്‍പ്പടെ നാല് താരങ്ങളെ സ്വന്തമാക്കാനും ആര്‍സിബി ശ്രമിക്കണമെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു.
2025ലെ ഐപിഎല്ലിന് മുന്നോടിയായി വിരാട് കോലി, രജത് പടിദാര്‍, യാഷ് ദയാല്‍ എന്നീ മൂന്ന് താരങ്ങളെ മാത്രമാണ് ആര്‍സിബി നിലനിര്‍ത്തിയത്. നിലവില്‍ 83 കോടിയാണ് ഫ്രാഞ്ചൈസിയുടെ പഴ്‌സില്‍ ശേഷിക്കുന്ന തുക. മെഗാ താരലേലത്തിന് എത്തുന്ന ടീമുകളില്‍ പഞ്ചാബ് കിങ്‌സ് (110.5 കോടി) കഴിഞ്ഞാല്‍ കൂടുതല്‍ തുക കൈവശമുള്ളതും ആര്‍സിബിയുടെ പക്കലാണ്.
ആര്‍സിബിയുടെ പക്കലുള്ള തുകയുടെ ഭൂരിഭാഗവും ബാറ്റിങ്ങിന് അനുകൂലമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മികച്ച രീതിയില്‍ പന്തെറിയാൻ സാധിക്കുന്ന താരങ്ങളെ സ്വന്തമാക്കാൻ വേണം ചെലവഴിക്കേണ്ടതെന്നാണ് ഡിവില്ലിയേഴ്‌സിന്‍റെ അഭിപ്രായം. എ ബി ഡിവില്ലിയേഴ്‌സിന്‍റെ വാക്കുകള്‍ ഇങ്ങനെ...
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'വിരാട് ഇപ്പോഴും ആര്‍സിബിക്കൊപ്പമുണ്ടെന്നത് ശുഭകരമായ കാര്യമാണ്. റിട്ടെൻഷന് വേണ്ടി അധികം തുക ടീം ചെലവഴിച്ചിട്ടില്ല. 83 കോടിയാണ് ഇനിയും ചെലവഴിക്കാനായി ബാക്കിയുള്ളത്.
ഈ തുക ചെലവാക്കുമ്പോള്‍ പ്രഥമ പരിഗണന നല്‍കേണ്ടത് ഒരു ലോകോത്തര സ്‌പിന്നര്‍ക്കാണ്. യുസ്‌വേന്ദ്ര ചഹാലിനെ തിരികെയെത്തിക്കാൻ ടീം ശ്രമിക്കണം. ചഹാലിനെ ഒരിക്കലും ആര്‍സിബി ഒഴിവാക്കരുതായിരുന്നു.
രവിചന്ദ്രൻ അശ്വിനും നല്ലൊരു ഓപ്‌ഷനാണ്. പരിചയ സമ്പന്നനായ അശ്വിന് പന്ത് കൊണ്ടും ബാറ്റുകൊണ്ടും മികച്ച പ്രകടനം നടത്താൻ സാധിക്കും. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തങ്ങളുടെ ഗെയിം കൊണ്ടുവരാൻ ശേഷിയുള്ളവരാണ് ചഹാലും അശ്വിനും. വാഷിങ്ടണ്‍ സുന്ദറിനെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കാവുന്നതാണ്. എന്നിരുന്നാലും ഞാൻ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ചഹാലിന് തന്നെയായിരിക്കും.
ടൂര്‍ണമെന്‍റ് ജയിക്കാൻ ശേഷിയുള്ള ഒരു ബൗളിങ് നിരയെ വേണം തയ്യാറാക്കേണ്ടത്. ചഹാലിനും അശ്വിനുമൊപ്പം കഗിസോ റബാഡയേയും ആര്‍സിബി സ്വന്തമാക്കാൻ ശ്രമിക്കണം. കൂടാതെ, ഭുവനേശ്വര്‍ കുമാറിനെയും.
മെഗ താരലേലത്തില്‍ ഈ നാല് താരങ്ങള്‍ക്കായി വേണം ആര്‍സിബി കൂടുതല്‍ തുക മാറ്റി വയ്‌ക്കേണ്ടത്. ഇവരെ സ്വന്തമാക്കിയ ശേഷം ബാക്കിയുള്ള തുകയ്‌ക്ക് പ്ലാൻ അനുസരിച്ച് താരങ്ങളെ വാങ്ങണം. റബാഡയെ സ്വന്തമാക്കാനായില്ലെങ്കില്‍ മുഹമ്മദ് ഷമിക്കായി ശ്രമിക്കാം. അതും നടന്നില്ലെങ്കില്‍ അര്‍ഷ്‌ദീപ് സിങ്ങിനായും ശ്രമം നടത്താം. കഴിവുറ്റ നിരവധി താരങ്ങളാണ് ഇത്തവണ താരലേലത്തിനുള്ളത്. ചിന്നസ്വാമി സ്റ്റേഡിയത്തെ മനസിലാക്കി നമ്മുടെ പ്ലാനുകള്‍ക്ക് അനുസരിച്ച് കളിക്കുന്ന ടീമിനെ വേണം ആൻഡി ഫ്ലവവറും കൂട്ടരും കണ്ടെത്തേണ്ടത്'- ഡിവില്ലിയേഴ്‌സ് പറഞ്ഞു.
Also Read : ആ ദൗര്‍ബല്യം പ്രശ്‌നമാണ്, സഞ്ജുവിന്‍റെ കാര്യത്തില്‍ കുംബ്ലെ പറയുന്നു