കഴിഞ്ഞ വർഷം നടത്തിയ ലോങ് മാർച്ചിനെ തുടർന്ന് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച്അഖിലേന്ത്യ കിസാൻ സഭയുടെ ലോങ് മാർച്ച് ഇന്ന് മഹാരാഷ്ട്രയിലെ നാസിക്കിൽ ആരംഭിക്കും. പൊലീസ് നടപടിയെ തുടർന്ന് ഇന്നലെ നടത്തേണ്ട മാർച്ചാണ് ഇന്ന് ആരംഭിക്കുന്നത്.
അതേസമയം കർഷകരെ അനുനയിപ്പിച്ച് മാർച്ചിൽ നിന്ന് പിൻമാറ്റാനുള്ള നീക്കങ്ങൾ മഹരാഷ്ട്ര സർക്കാർ നടത്തുന്നുണ്ട്. മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജന്‍റെ നേതൃത്വത്തിലുള്ള ചർച്ച വിജയിച്ചാൽ പ്രക്ഷോഭം തൽക്കാലം നീട്ടിവെയ്ക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇന്നലെ നാസിക്കിൽ എത്തിയ ആയിരക്കണക്കിന് കർഷകർ ഇപ്പോഴും അവിടെത്തന്നെ തുടരുകയാണ്.
പെന്‍ഷന്‍, കൃഷിക്കാവശ്യമായ വെളളം ലഭ്യമാക്കല്‍, സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷിക കടം എഴുതിതളളല്‍, ഉൽപ്പന്നങ്ങള്‍ക്ക് ന്യായവില നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. കര്‍ഷകരുടെ കൃഷി ഭൂമി വന്‍ തോതില്‍ ഏറ്റെടുക്കേണ്ടി വരുന്ന മുംബൈ അഹമ്മദാബാദ് ബുളളറ്റ് ട്രെയിന്‍ പദ്ധതി ഉപേക്ഷിക്കണം എന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. 23 ജില്ലകളില്‍ നിന്നും അമ്പതിനായിരത്തോളം വരുന്ന കര്‍ഷകരായിരിക്കും ലോങ് മാര്‍ച്ചില്‍ പങ്കെടുക്കുക. എട്ടു ദിവസം കൊണ്ട് 165 കിലോമീറ്റര്‍ കര്‍ഷകര്‍ പിന്നിടും.