ഹൈദരാബാദ്: ആശുപത്രിയില്‍ ബില്‍ കുടിശിക അടച്ചു തീര്‍ക്കാത്തതിനാല്‍ കൊവിഡ് രോഗിയുടെ മൃതദേഹം വിട്ടു നല്‍കുന്നില്ലെന്ന പരാതിയുമായി ഭാര്യ തെലങ്കാന ഹൈക്കോടതിയില്‍. നാല്‍പത്തൊമ്പതുകാരനായ ഭര്‍ത്താവിന്‍റെ മൃതദേഹം വിട്ടു നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് ഭാര്യ തെലങ്കാന ഹൈക്കോടതിയില്‍ റിട്ട് പരാതി നല്‍കിയത്. പരാതിയില്‍ വെള്ളിയാഴ്‌ച വാദം കേള്‍ക്കും. ജൂലായ് 22നാണ് ഇവരുടെ ഭര്‍ത്താവ് ആശുപത്രിയില്‍ വെച്ച് മരിക്കുന്നത്. ജൂലായ് 13നാണ് വാച്ച്‌മാനായി ജോലി ചെയ്‌തിരുന്ന ഇയാളെ പനിയും ശ്വാസതടസവും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ആശുപത്രിയില്‍ ചികില്‍സാ ബില്ലായി 2.50 ലക്ഷം രൂപ കടം വാങ്ങി അടച്ചുവെന്നും ജൂലായ് 22 ന് ആശുപത്രി അധികൃതര്‍ അറിയിച്ചത് ചികില്‍സയ്‌ക്കായി ആകെ ചെലവായത് 8.91 ലക്ഷം രൂപയാണെന്നുമാണ് സ്‌ത്രീ പരാതിയില്‍ പറയുന്നത്. കുടിശികയായ 6.41 ലക്ഷം രൂപ നല്‍കി മൃതദേഹം സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. ആശുപത്രിയുടെ പ്രവൃത്തി നിയമവിരുദ്ധമാണെന്നും ബാക്കിയുള്ള തുക അടക്കാതെ ഭര്‍ത്താവിന്‍റെ മൃതദേഹം വിട്ടുനല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ പറയുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും സ്‌ത്രീ ആവശ്യപ്പെടുന്നു.
എന്നാല്‍ ആരോപണങ്ങള്‍ കോണ്‍ടിനെന്‍റല്‍ ആശുപത്രി സിഇഒ രാഹുല്‍ മെഡക്കാരന്‍ നിഷേധിച്ചു. 11ദിവസം തീവ്ര പരിചരണ വിഭാഗത്തില്‍ കിടന്ന രോഗിക്ക് ആവശ്യമായ എല്ലാ ചികില്‍സയും നല്‍കിയിരുന്നുവെന്നും എന്നാല്‍ രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് രോഗി മരിക്കുകയായിരുന്നുവെന്ന് സിഇഒ വ്യക്തമാക്കി. ഇത്തരം ആരോപണങ്ങള്‍ തങ്ങളുടെ ഡോക്‌ടര്‍മാരെയും ജീവനക്കാരെയും നിരാശപ്പെടുത്തുന്നതാണെന്ന് ആശുപത്രിയിലെ ഡോക്‌ടര്‍ പറഞ്ഞു.