ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ സംസ്ഥാന സർക്കാരുമായി തുറന്ന പോര് തുടരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലപാട് വീണ്ടും കടുപ്പിക്കുന്നു. റൂൾസ് ഓഫ് ബിസിനസ് പാലിക്കാത്തതില്‍ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടുമെന്ന് ഗവർണർ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് നിലപാട് വിശദീകരിച്ചുകൊണ്ട് ഗവർണർ വ്യക്തമാക്കി. താൻ നിയമപ്രകാരവും ഭരണഘടനാ പ്രകാരവുമാണ് പ്രവർത്തിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ കോടതിയില്‍ ഹർജി സമർപ്പിക്കുമ്പോൾ തന്നോട് അനുമതി തേടണമായിരുന്നു. റൂൾസ് ഓഫ് ബിസിനസ് മാധ്യമപ്രവർത്തകർക്ക് മുന്നില്‍ ഗവർണർ വായിച്ചു. ഏതൊക്കെ വിഷയങ്ങളാണ് സർക്കാരിന് വേണ്ടി മുഖ്യമന്ത്രി മുൻകൂട്ടി ഗവർണറെ അറിയിക്കേണ്ടതെന്ന് റൂൾസ് ഓഫ് ബിസിനസിന്‍റെ 34(2) അഞ്ചാം വകുപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
കേന്ദ്രസർക്കാരുമായുള്ള ഏതെങ്കിലും വിഷയം ഉണ്ടെങ്കില്‍ അത് ഗവർണറെ അറിയിക്കണം. ഇത് കേരള സർക്കാർ ലംഘിച്ചു. ഗവർണറുടെ അധികാരത്തെ മറികടന്നാണ് സർക്കാർ നിയമസഭയില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയത്. സംസ്ഥാന സർക്കാരിന് പൗരത്വ വിഷയത്തില്‍ പ്രമേയം പാസാക്കാൻ അധികാരമില്ല. സംസ്ഥാനത്തിന്‍റെ ഭരണഘടനാ പരമായ തലവൻ എന്ന നിലയിലാണ് ഈ വിഷയത്തെ സമീപിക്കുന്നത്. സംസ്ഥാനത്തിന്‍റെ ഭരണഘടനാ സംവിധാനത്തെ തകർക്കാൻ അനുവദിക്കില്ല. തന്‍റെ ചുമതലകൾ ഏതാണെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. താൻ നിയമപ്രകാരം മാത്രമാണ് പ്രവർത്തിക്കുന്നത്. സർക്കാർ നടപടി ഭരണഘടനാപരമാണോ എന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്തം ഗവർണർക്കുണ്ട്. ഗവർണറുടെ അധികാരത്തെ മറികടന്ന് പ്രവർത്തിക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. ആരും നിയമത്തിന് മുകളിലല്ലെന്നും ഗവർണർ ഡല്‍ഹിയില്‍ പറഞ്ഞു. വ്യത്യസ്‌ത നിലപാടിലും വിയോജിപ്പിലും പ്രശ്‌നമില്ല. പക്ഷേ അത് നിയമാനുസൃതമാകണമെന്നും ഗവർണർ വിശദീകരിച്ചു. സംസ്ഥാന സർക്കാരും ഗവർണറും തമ്മില്‍ ഏറ്റുമുട്ടല്‍ പരസ്യമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ വാർത്താ സമ്മേളനത്തിന് വലിയ പ്രാധാന്യമുണ്ട്.