മുംബൈ: കെനിയൻ വിദേശകാര്യമന്ത്രി റിച്ചാർഡ് ടോങ്ക് ഇന്ത്യയിലെത്തി. ഔദ്യോഗിക സന്ദര്‍ശനത്തിനല്ല, ഒരു പഴയ കടം തീര്‍ക്കാന്‍. അതും 200 രൂപയുടെ. മഹാരാഷ്ട്രയിലെ ഔറാംഗബാദില്‍ മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ഥിയായിരിക്കെ പലചരക്ക് കടയില്‍ നിന്നും പറ്റിയ ഇരുന്നൂറ് രൂപ കടം തീര്‍ക്കാനായിരുന്നു ആ സന്ദര്‍ശനം. കെനിയയുടെ വിദേശകാര്യമന്ത്രി വന്‍ സുരക്ഷ സന്നാഹങ്ങളോടെ ഔറാംഗബാദിലെ ആ പഴയ ഗവാലി കുടുംബത്തെ അന്വേഷിച്ചെത്തിയപ്പോള്‍ പരിസരവാസികള്‍ ആകാംക്ഷഭരിതരായി. വിദ്യാര്‍ഥി കാലത്ത് ആ ദാരിദ്രകാലത്ത് പണമില്ലാതെ വന്നപ്പോള്‍ കടയുടമസ്ഥനായ കാശിനാഥന്‍ റിച്ചാർഡ് ടോങ്കിനെ ഒരുപാട് സഹായിച്ചു. കാലങ്ങൾ കടന്ന് പോയി, റിച്ചാർഡ് ടോങ്ക് കെനിയയുടെ എംപിയായി.. വിദേശകാര്യമന്ത്രിയായി. പക്ഷേ കാശിനാഥനോടുള്ള കടപ്പാട് അദ്ദേഹം മറന്നില്ല. പഴയകാര്യങ്ങൾ നന്ദിയോടെ സ്മരിച്ചുകൊണ്ട് ഗവാലി കുടുംബത്തിനോടുള്ള തന്‍റെ കൃതജ്ഞത റിച്ചാർഡ് ടോങ്ക് ഇടിവി ഭാരതിനോട് പങ്കുവച്ചു.
വർഷങ്ങളുടെ പഴക്കം നഗരത്തിന്‍റെ ഭൂപ്രകൃതിയെ അടിമുടി മാറ്റിമറിച്ചതിനാൽ ഗവാലി കുടുംബത്തിലേക്കെത്താൻ റിച്ചാർഡ് അൽപം കഷ്ടപ്പെട്ടു. രണ്ടുമണിക്കൂറോളം ചെലവഴിച്ചാണ് കെനിയൻ മന്ത്രി വീട് കണ്ടെത്തിയത്. വീട്ടിലെ കുടുംബാംഗങ്ങളും കാശിനാഥും മന്ത്രിയായ റിച്ചാർഡിനെ ഞെട്ടലോടെയാണ് വരവേറ്റത്. കടക്കാരനായ കെനിയൻ മന്ത്രിയെ നേരിൽ കണ്ട ഗൃഹനാഥൻ തനിക്ക് കിട്ടാനുള്ള ഇരുനൂറ് രൂപ കണക്കെല്ലാം മറന്നു. പണം തിരസ്കരിച്ച കുടുംബം റിച്ചാർഡിനും ഭാര്യക്കും ഉച്ചഭക്ഷണം നൽകിയാണ് യാത്രയാക്കിയത്.