ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിൽ ആം ആദ്‌മി പാർട്ടി ദേശീയ തലസ്ഥാനത്ത് അധികാരം നിലനിർത്തുമെന്ന് പാർട്ടി നേതാവ് സഞ്ജയ് സിംഗ്. വോട്ടെണ്ണൽ ആരംഭിക്കുന്നത് വരെ കാത്തിരിക്കണം. പക്ഷേ എക്‌സിറ്റ് പോളുകൾ നോക്കുമ്പോൾ കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്‌മി പാർട്ടി ഭൂരിപക്ഷത്തോടെ തിരിച്ചുവരുന്നുമെന്ന് എനിക്ക് ഉറപ്പുണ്ട്. സ്വാതന്ത്ര്യാനന്തരം ഇതാദ്യമായാണ് ഡല്‍ഹിയിലെ വികസനപ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി ജനങ്ങൾ വോട്ട് ചെയ്‌തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ വിദ്വേഷവും അക്രമവും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് ഡല്‍ഹി പൗരന്മാർ ഉത്തരം നൽകിയിട്ടുണ്ട്. ഇത്തരമൊരു രീതി തുടരുകയാണെങ്കിൽ ആരോഗ്യകരമായ ജനാധിപത്യം രൂപീകരിക്കുന്നതിലേക്ക് നീങ്ങാന്‍ സാധിക്കും. ബിജെപി എന്തുപറയുന്നുവെന്നതില്‍ അല്ല, ഡല്‍ഹി എന്ത് പറയുന്നുവെന്നതിലാണ് കാര്യം. 2015ൽ എക്‌സിറ്റ് പോൾ ഫലം ഞങ്ങൾക്ക് അനുകൂലമായപ്പോൾ ബിജെപി പോലും അത് നിഷേധിച്ചിരുന്നു. അവസാനം വരെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും സഞ്ജയ് സിംഗ് പറഞ്ഞു. മാനിഫെസ്റ്റോയിൽ വാഗ്‌ദാനം ചെയ്‌തതുപോലെ ഡല്‍ഹിയുടെ വികസനത്തിനായി തുടർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 70 അംഗ ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാർട്ടിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. തലസ്ഥാനത്ത് കോൺഗ്രസിന്‍റെ മോശം പ്രകടനം തുടരുമെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു.