ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജിന്നാ രാഷ്‌ട്രീയമാണ് പുറത്തെടുക്കുന്നതെന്ന ആരോപണവുമായി ബിജെപി നേതാവ് കപില്‍ മിശ്ര. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആം ആദ്‌മി പാർട്ടി മുസ്ലിം ലീഗെന്ന് പേര് മാറ്റുന്നതാണ് നല്ലത്. മുസ്ലിം ലീഗിന് സമാനമായ രാഷ്‌ട്രീയമാണ് എഎപി പുറത്തെടുക്കുന്നത്. മുസ്ലിം വോട്ട് ബാങ്കിനെ ഭിന്നിപ്പിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും യോഗിയെ വിലക്കാന്‍ എഎപി ശ്രമിച്ചു. ദേശവിരുദ്ധരും തീവ്രവാദികളും നുഴഞ്ഞുകയറ്റക്കാരും കലാപകാരികളുമാണ് യോഗിയുടെ പ്രസംഗത്തെ ഭയക്കുന്നത് എന്നും കപില്‍ മിശ്ര ആരോപിച്ചു.
നേരത്തെ ഡല്‍ഹിയില്‍ നടന്ന കലാപത്തിനിടെയുണ്ടായ അനിഷ്‌ട സംഭവങ്ങൾക്ക് പിന്നില്‍ എഎപിയും കോണ്‍ഗ്രസുമാണെന്നും കപില്‍ മിശ്ര ആരോപിച്ചു. 20 ശതമാനം വരുന്ന മുസ്ലീം വോട്ടുകൾ സമാഹരിക്കാനുള്ള രാഷ്‌ട്രീയ നാടകമാണ് ഷഹീന്‍ ബാഗില്‍ നടക്കുന്നത്. പക്ഷെ 80 ശതമാനം ജനങ്ങളും ഈ വിഷയത്തില്‍ രോഷാകുലരാണ്. അവർ സമ്മതിദാനാവകാശം വിനിയോഗിച്ച് മറുപടി നല്‍കുമെന്നും കപില്‍ മിശ്ര വ്യക്തമാക്കി .
നേരത്തെ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിനെ തുടർന്ന് കപില്‍ മിശ്രയെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. രാജ്യ തലസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരമാണെന്ന അദ്ദേഹത്തിന്‍റെ പരാമർശത്തെ തുടർന്നായിരുന്നു കമ്മീഷന്‍ നടപടി. മുന്‍ എഎപി മന്ത്രിയായ മിശ്ര നിലവില്‍ മോഡല്‍ ടൗണ്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാർഥിയാണ്. ഫെബ്രുവരി എട്ടിനാണ് തെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം ഫെബ്രുവരി 11 ന് നടക്കും.