ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്‌മി പാര്‍ട്ടി ഹാട്രിക് വിജയം ഉറപ്പിച്ചിരിക്കുകയാണ്. ബിജെപിക്ക് സമീപ കാലത്തെ ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്നപ്പോൾ കോൺഗ്രസിന് അക്കൗണ്ട് തുറക്കാനാകാത്ത ദയനീയ പരാജയം. ബിജെപിയും ജനതാദൾ(യു)വും എൽജെപിയും സഖ്യത്തിൽ മത്സരിച്ചപ്പോൾ ജെഡിയുവും രണ്ട് വ്യക്തിഗത സീറ്റുകളിൽ മത്സരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ബിഹാർ മുഖ്യമന്ത്രിയും ജെഡിയു ദേശീയ പ്രസിഡന്‍റുമായ നിതീഷ് കുമാറിന്‍റെ റോഡ് ഷോയും സ്വാധീനം ചെലുത്തിയില്ല.
അതേസമയം അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്‌മി പാര്‍ട്ടി ഡല്‍ഹിയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും ഒരിക്കൽകൂടി ജനങ്ങൾ അവരുടെ സ്വാധീനത്തിൽപ്പെട്ടെന്നും ജെഡിയു നേതാവും ഗയയിൽ നിന്നുള്ള എംപിയുമായ വിജയ് മഞ്ജി ഇടിവിയോട് പ്രതികരിച്ചു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നല്ല റോഡുകളോ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളോ വികസനമോ ഡൽഹിയിൽ കാണാൻ സാധിച്ചില്ലെന്നും മഞ്ജി പറഞ്ഞു. ആം ആദ്‌മിയുടെ നേട്ടം താത്കാലികം മാത്രമാണെന്നും ഈ നേട്ടം അധിക കാലം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ബിജെപി സഖ്യം തുടരുമെന്നും ബിഹാർ തെരഞ്ഞെടുപ്പിലൂടെ എൻഡിഎ വലിയ ഭൂരിപക്ഷത്തിൽ തിരിച്ച് വരുമെന്നും വിജയ് മഞ്ജി ആത്മവിശ്വാസം പ്രകടിപ്പിച്ചു.