ഹൈദരാബാദ്: മന്ത്രിസഭ വികസിപ്പിക്കാനൊരുങ്ങി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. നാളെ വൈകിട്ട് നാല് മണിക്ക് പുതിയ മന്ത്രിസഭയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി നടത്തും. പുനസംഘടനയെക്കുറിച്ച് തെലങ്കാനയുടെ പുതിയ ഗവര്‍ണര്‍ തമിളിസൈ സുന്ദര്‍രാജനെ റാവു അറിയിച്ചു. സുന്ദര്‍രാജന്‍റെ സത്യപ്രതിജ്ഞയും നാളെയാണ്.
ചന്ദ്രശേഖര റാവുവിനെ കൂടാതെ നിലവില്‍ 11 പേരാണ് മന്ത്രിസഭയിലുള്ളത്. റാവുവിന്‍റെ മകനും എംഎല്‍എയുമായ കെ.ടി രാമറാവു മന്ത്രിസഭയിലെത്തുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്‍റ് കൂടിയാണ് രാമറാവു. ചന്ദ്രശേഖര റാവുവിന്‍റെ മരുമകനും മുതിര്‍ന്ന നേതാവുമായി ഹരീഷ് റാവുവും മന്ത്രിസഭയിലെത്തിയേക്കും. കഴിഞ്ഞ മന്ത്രിസഭയിലെ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നു ഹരീഷ് റാവു. അപ്രതീക്ഷിത വിജയവുമായി രണ്ടാമതും അധികാരത്തിലെത്തിയ ചന്ദ്രശേഖര റാവു സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിസഭയില്‍ ഹരീഷ് റാവു ഇല്ലാതെ പോയത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.