ഹൈദരാബാദ്: വെട്ടുകിളി ആക്രമണത്തിൽ ജാഗ്രത പാലിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു സംസ്ഥാന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജൂൺ 20 മുതൽ ജൂലൈ അഞ്ച് വരെ വെട്ടുകിളിയുടെ ആക്രമണത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തെലങ്കാനയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള മഹാരാഷ്ട്രയിലെ രാംടെക്കിനടുത്തുള്ള അസ്മി ഗ്രാമത്തിലാണ് ഇപ്പോൾ വെട്ടുകിളികളെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം മൂന്ന് ഘട്ടങ്ങളിലായി വെട്ടുക്കിളികളുടെ കൂട്ടം മഹാരാഷ്ട്രയിലും മധ്യപ്രദേശിലും പ്രവേശിച്ചു. എന്നാൽ ഇതുവരെ തെലങ്കാനയിൽ പ്രവേശിച്ചിട്ടില്ല. എന്നാൽ സംസ്ഥാനത്തേക്ക് വെട്ടുകിളികൾ പ്രവേശിക്കാൻ സാധ്യത കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെട്ടുകിളി ആക്രമണത്തിൽ നിന്ന് സംസ്ഥാനത്തെ സംരക്ഷിക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും പ്രഗതി ഭവനിൽ ചേർന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സംസ്ഥീനങ്ങളുമായി അതിർത്തി പങ്കിടുന്ന എട്ട് ജില്ലകളിലെ ഉദ്യോഗസ്ഥർ അതീവ ജാഗ്രത പാലിച്ച് നടപടികൾ കൈക്കൊള്ളണമെന്ന് ചന്ദ്രശേഖർ റാവു നിർദേശിച്ചു. വെട്ടുകിളിയുടെ പ്രവേശനം തടയാൻ സർക്കാർ സ്വീകരിച്ച നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ ചീഫ് സെക്രട്ടറി സോമേഷ് കുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.