ഹൈദരാബാദ്: ഇന്ത്യ-ചൈന സംഘർഷത്തിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന്‍റെ കുടുംബത്തിന് അഞ്ച് കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ. സന്തോഷ് ബാബുവിന്‍റെ ഭാര്യക്ക് ജോലിയും വീട് വയ്ക്കാൻ സ്ഥലവും നൽകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു അറിയിച്ചു. ആക്രമണത്തിൽ ജീവൻ നഷ്ടമായ മറ്റ് സൈനികർക്ക് 10 ലക്ഷം രൂപ വീതവും തെലങ്കാന സർക്കാർ നൽകും. പ്രതിരോധ മന്ത്രി മുഖേന ഈ തുക കൈമാറുമെന്നും ചന്ദ്രശേഖർ റാവു പറഞ്ഞു.
രക്തസാക്ഷികളുടെ കുടുംബങ്ങളെ പിന്തുണക്കാൻ കേന്ദ്രവും മറ്റ് സംസ്ഥാന സർക്കാരുകളും മുന്നോട്ടുവരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ചന്ദ്രശേഖർ റാവു അഭ്യര്‍ഥിച്ചു. അതിര്‍ത്തിയില്‍ പ്രതിരോധം തീര്‍ക്കുന്ന സൈനികരെ രാജ്യം പിന്തുണക്കണം. വീരമ്യുത്യു വരിച്ചവരുടെ കുടുംബങ്ങൾക്ക് പിന്തുണ കൊടുക്കുന്നത് വഴി രാജ്യം അവരോടൊപ്പമുണ്ടെന്ന ആത്മവിശ്വാസം വളര്‍ത്തിയെടുക്കുമെന്നും കെ.സി.ആര്‍ പറഞ്ഞു. ലഡാക്കിൽ കടന്നുകയറിയ ചൈനീസ് സേനയെ പ്രതിരോധിക്കവെ കമാൻഡിങ് ഓഫീസറായ കേണൽ സന്തോഷ് ബാബു ഉൾപ്പടെ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്.