ഛണ്ഡീഖഡ്: ജമ്മു കശ്മീരിലെ കത്വവയില്‍ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധി. 60 വയസുകാരനായ സാഞ്ജി റാം, അദ്ദേഹത്തിന്‍റെ പ്രായപൂർത്തിയാകാത്ത മകൻ വിശാല്‍, സബ് ഇൻസ്പെക്ടർ ആനന്ദ് ദത്ത എന്നിവരും സ്പെഷ്യൽ പൊലീസ് ഓഫീസർമാരായ ദീപക് ഖജൂരിയ, സുരെന്ദർ വെർമ എന്നിവരെയുമാണ് പഠാൻകോട്ട് കോടതി കുറ്റക്കാരായി വിധിച്ചത്. ഇവർക്കുള്ള ശിക്ഷ കോടതി ഇന്ന് ഉച്ചക്ക് ശേഷം തീരുമാനിക്കും.
കേസില്‍ കുറ്റക്കാരല്ലാത്തവരെ പ്രതികളാക്കിയെന്ന് ആരോപിച്ച് കത്വവ കോടതിയില്‍ കുറ്റപത്രം സമർപ്പിക്കാനെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഒരു കൂട്ടം അഭിഭാഷകർ തടഞ്ഞിരുന്നു. രാജ്യത്തിന് പുറത്തും സംഭവം വലിയ വാർത്തയായി. ഇതോടെ വിഷയത്തില്‍ ഇടപെട്ട സുപ്രീംകോടതി കേസ് പഞ്ചാബിലെ പഠാൻകോട്ട് കോടതിയിലേക്ക് മാറ്റുകയായിരുന്നു. 2018 ജനുവരിയിലായിരുന്നു രാജ്യ വ്യപക പ്രതിഷേധത്തിനിടയാക്കിയ കത്വവ കൂട്ട ബലാല്‍സംഗം നടന്നത്. പെൺകുട്ടിയുടെ മാതാപിതാക്കൾ അടങ്ങുന്ന ബകർവാൾ നാടോടി വിഭാഗത്തെ ഗ്രാമത്തില്‍ നിന്നും തുരത്തിയോടിക്കുന്നതിനാണ് കുട്ടിയെ ദിവസങ്ങളോളം തടവില്‍ പാർപ്പിച്ച് പീഡിപ്പിച്ചത്.
പെൺകുട്ടിയെ ഒരു പ്രാർഥനാലയത്തിൽ വെച്ച് ക്രൂരമായി കൂട്ടബലാൽസംഗം ചെയ്ത് ഏഴ് ദിവസത്തോളം ബന്ധിയാക്കി പീഡിപ്പിക്കുകയായിരുന്നു. ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മരണമുറപ്പിക്കാൻ കല്ല് കൊണ്ട് തലയ്ക്കടിയ്ക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതിൽ കുട്ടിക്ക് കഞ്ചാവും ക്ലോനസെപാം വിഭാഗത്തില്‍ പെടുന്ന 0.5 മില്ലി ഗ്രാം ഗുളികകളും നല്‍കിയതായി തെളിഞ്ഞു. മൃതദേഹം കണ്ടെത്തുമ്പോൾ കുട്ടിയെ കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു.