ശ്രീനഗര്‍: കഴിഞ്ഞ 19 ദിവസമായി തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് കശ്‌മീര്‍ താഴ്‌വരയിലെ ജനങ്ങൾ. ആധുനിക ആശയവിനിമയ ഉപാധികളെല്ലാം റദ്ദാക്കിയതോടെ തപാല്‍ മുഖേന ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് ശ്രീനഗറിലെ ജനങ്ങൾ. എന്നാല്‍ താഴ്‌വരയിലെ നിയന്ത്രണങ്ങൾ തപാല്‍ സേവനങ്ങളെയും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി സേവനങ്ങൾ പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും തപാല്‍ ഉരുപ്പടികൾ ഒന്നും അയക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ജനറല്‍ പോസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.
വാണിജ്യകേന്ദ്രങ്ങളും മറ്റും ഇപ്പോഴും കശ്‌മീരില്‍ അടഞ്ഞുകിടക്കുകയാണ്. നഗരത്തിലെ ചില പ്രദേശങ്ങളിലൊഴികെ മറ്റിടങ്ങളിലെയെല്ലാം വാഹന ഗതാഗതം അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്. യുഎന്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന ലാല്‍ ചൗക്കിലും സോണാവാറിലും ജനങ്ങളുടെ പ്രതിഷേധങ്ങൾ തടയാനായി ഒരുക്കിയ സേനയുടെ ബാരിക്കേഡുകളും സുരക്ഷാസംവിധാനങ്ങളും ഇപ്പോഴും തല്‍സ്ഥിതിയിലാണ്. സൈനികരുടെ നേതൃത്വത്തില്‍ സോണാവാര്‍ പ്രദേശത്തെ ദാല്‍ തടാകവുമായി ബന്ധപ്പെടുത്തുന്ന റോഡ് പൂര്‍ണമായും അടച്ചിട്ടുണ്ട്. സുരക്ഷാ വാഹനങ്ങൾക്ക് മാത്രമാണ് ഈ റോഡിലൂടെ കടന്നുപോകാന്‍ അനുവാദമുള്ളത്. ക്രമസമാധാനപാലനത്തിനായി മറ്റ് പല സ്ഥലങ്ങളിലും സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
ഇന്‍റർനെറ്റ്, ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകൾക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആശയവിനിമയ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. ഓഗസ്റ്റ് അഞ്ചിന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് കശ്‌മീരിലെ പല നേതാക്കളും ഇപ്പോഴും വീട്ടുതടങ്കലില്‍ തുടരുകയാണ്.