കശ്‌മീർ: കഴിഞ്ഞ മാസം കാണാതായ ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ നിന്നുള്ള യുവാവ് തീവ്രവാദ സംഘത്തിൽ ചേർന്നുവെന്ന് റിപ്പോർട്ടുകൾ. അനന്ത്നാഗിലെ ദന്ദ്‌വെത്ത് പോറ നിവാസിയായ ഇല്യാസ് അഹമ്മദ് ദാർ ജൂലൈ 23 മുതലാണ് കാണാതായത്. ജോലി ആവശ്യങ്ങൾക്കായി പോയ യുവാവിനെ കാണാതായി ഒരുമാസം കഴിഞ്ഞാണ് ഇയാൾ തീവ്രവാദ സംഘടനയിൽ ചേർന്നുവെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പുകൾ പൊലീസിന് ലഭിച്ചത്.
ഗന്ധര്‍ബാല്‍ ജില്ലയിൽ സുഹൃത്തുക്കളുമായി പര്യടനം നടത്തുന്നതിനിടെ ജൂൺ 13ന് ഹിലാൽ അഹ്മദ് ദാർ എന്ന ഗവേഷണ വിദ്യാർഥിയെയും കാണാതായിരുന്നു. ഇയാൾ ഭീകരവാദികളുടെ സംഘത്തിൽ ചേർന്നതായി പൊലീസ് പിന്നീട് അറിയിച്ചു. എന്നാൽ, തങ്ങളുടെ മകൻ ഗുഡ്‌ഗാവിൽ ജോലി ചെയ്യുകയാണെന്നും കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗൺ കാരണം വീട്ടിൽ തിരിച്ചെത്താൻ സാധിക്കാത്തതാണെന്നും അഹ്മദ് ദാറിന്‍റെ മാതാപിതാക്കൾ പറഞ്ഞു.