ശ്രീനഗര്‍: ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം അടുത്ത വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാകും. പാലത്തിലെ റെയിൽ പാതക്ക് ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരമുണ്ടാകും. ഇന്ത്യൻ റെയിൽവേയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പദ്ധതിയാണിതെന്ന് കൊങ്കൺ റെയിൽവേ അറിയിച്ചു.
കശ്മീരിനെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന പദ്ധതി 2021 ഡിസംബറിൽ പൂർത്തിയാകുമെന്നും റെയിൽവേയുടെ 150 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ജോലിയാണിതെന്നും കൊങ്കൺ റെയിൽവേ ചെയർമാൻ സഞ്ജയ് ഗുപ്ത പറഞ്ഞു. ഇന്ത്യൻ റെയിൽവേ ശൃംഖലയിലേക്ക് കശ്മീർ താഴ്‌വരയെ ചേര്‍ക്കുന്നതിന് ഉദാംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതി അനിവാര്യമാണെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു.
ഉദാംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ ഭാഗമായ കത്രയ്ക്കും ബാനിഹാളിനും ഇടയിലുള്ള 111 കിലോമീറ്റർ ദൂരത്തിലുള്ള പാലം പണി പൂർത്തിയായാൽ ചൈനയിലെ ബീപാൻ നദി ഷുബായ് റെയിൽവേ പാലത്തിന്‍റെ (275 മീറ്റർ) റെക്കോർഡിനെ മറികടക്കും. പ്രാധാന്യം കണക്കിലെടുത്ത് 2002 ല്‍ ഇത് ദേശീയ പദ്ധതിയായി പ്രഖ്യാപിച്ചിരുന്നു.