ശ്രീനഗർ: കശ്മീരില്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ എത്തിയ രണ്ട് മാധ്യമപ്രവർത്തകർക്ക് മർദ്ദനം. ദ് പ്രിന്‍റിന്‍റെ പ്രത്യേക ലേഖകൻ ആസാൻ ജാവേദ്, ന്യൂസ് ക്ലിക്കിന്‍റെ ജമ്മു കശ്മീർ ബ്യൂറോ ചീഫ് അനീസ് സർഗാർ എന്നിവർക്കാണ് മർദ്ദനമേറ്റത്. ശ്രീനഗറിലെ ഇസ്ലാമിയ കോളജില്‍ നടന്ന പ്രതിഷേധ സമരം റിപ്പോർട്ട് ചെയ്യാൻ എത്തിയവരെയാണ് പൊലീസ് മർദ്ദിച്ചത്.
എൻആർസി, സിഎഎ എന്നിവയ്‌ക്കെതിരെയും ഡല്‍ഹി ജാമിയ മിലിയ കോളജ് വിദ്യാർഥികൾക്ക് ഐകൃദാർഢ്യവും പ്രഖ്യാപിച്ച് വിദ്യാർഥികൾ നടത്തിയ പ്രതിഷേധം പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രദേശത്ത് സംഘർഷമുണ്ടായത്.
സമരത്തിന്‍റെ ഭാഗമല്ലാതിരുന്ന വിദ്യാർഥികളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് പൊലീസ് ആക്രമിച്ചതെന്ന് മാധ്യമപ്രവർത്തകൻ ആസാൻ ജാവേദ് പറഞ്ഞു. തന്‍റെ ജോലിയാണ് നിറവേറ്റിയതെന്നും ദൃശ്യങ്ങൾ എടുക്കാൻ ഉപയോഗിച്ച ഫോൺ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവ സമയത്ത് ഉണ്ടായിരുന്ന മറ്റ് മാധ്യമപ്രവർത്തകർ പകർത്തിയ ദൃശ്യങ്ങളില്‍ ഇവർക്ക് മർദ്ദനമേല്‍ക്കുന്നത് വ്യക്തമാണ്.
ദൃശ്യങ്ങൾ പകർത്തുന്നതിനിടെ പൊലീസ് മർദ്ദിക്കുകയും അസഭ്യം പറയുക്കയും ചെയ്തെന്ന് അനീസ് കൂട്ടിച്ചേർത്തു.
സംഭവുമായി ബന്ധപ്പെട്ട് എസ്.പി സജദ് ഷായും മറ്റ് പൊലീസുകാരും ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ആശയവിനിമയം നിയന്ത്രിതമായതിനാല്‍ ജമ്മു കശ്മീരില്‍ മാധ്യമപ്രവർത്തകർ ഏറെ പ്രതിസന്ധി നേരിടുന്നുണ്ട്. ഇതാദ്യമായല്ല, കൃത്യ നിർവഹണത്തിനിടെ പൊലീസ് മാധ്യമപ്രവർത്തകരെ മർദ്ദിക്കുന്നത്.
അതേസമയം, പൊലീസ് നടപടിയില്‍ ദ് പ്രിന്‍റ് അപലപിക്കുകയും സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.