ശ്രീനഗര്‍: മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് നിരവധി കച്ചവടക്കാര്‍ കാലാള്‍പ്പട ദിനത്തില്‍ 'കറുത്ത ദിനം' ആചരിക്കാനുള്ള പണിമുടക്കിനെ ധിക്കരിച്ചത്. 1947 ഒക്ടോബര്‍ 27 ന് ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്‍റെ ആക്രമണം തടയുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ സ്മരണക്കായാണ് 'കാലാള്‍പ്പട ദിനം' ആചരിക്കുന്നത്.
പാകിസ്ഥാന്‍റെ പിന്തുണയുള്ള ഭീകരരോട് പോരാടുന്നതിന് ജമ്മു കശ്മീരിലെ അന്നത്തെ മഹാരാജ ഹരി സിങ്ങിന്‍റെ അഭ്യര്‍ഥന മാനിച്ച് ഇന്ത്യന്‍ സൈന്യം ഇറങ്ങിയതില്‍ പ്രതിഷേധിച്ച് എല്ലാ ഒക്ടോബര്‍ 27 നും വിഘടനവാദികള്‍ പണിമുടക്ക് നടത്തി വരികയായിരുന്നു. ഓഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 ലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിന് ശേഷം ഫ്രീ മര്‍ക്കറ്റില്‍ പതിവു പോലെ കച്ചവടം തുടര്‍ന്നു. റീഗല്‍ ചൗക്ക് റസിഡന്‍സി റോഡ് പ്രദേശങ്ങളിലെ ചില കടകളും ഉച്ചക്ക് തുറന്നിരുന്നു. സ്വകാര്യ ഗതാഗതം സാധാരണ രീതിയിലായിരുന്നു. സ്കൂളുകള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് ഫലമുണ്ടായില്ല. സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ കാരണം മാതാപിതാക്കള്‍ കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയക്കുന്നില്ല. താഴ്വരയിലുടനീളം ലാന്‍ഡ്‌ലൈനും പോസ്റ്റ്‌പെയ്‌ഡ് മൊബൈല്‍ ഫോണ്‍ സേവനങ്ങളും പുന:സ്ഥാപിച്ചുവെങ്കിലും എല്ലാ ഇന്‍റര്‍നെറ്റ് സേവനങ്ങളും ഓഗസ്റ്റ് അഞ്ച് മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരടക്കം മുഖ്യധാരാ നേതാക്കള്‍ വീട്ടുതടങ്കലിലാണ്.