ബെംഗളൂരു: പ്രതിപക്ഷമുയർത്തിയ കനത്ത പ്രതിഷേധത്തിനിടയിൽ കർണാടക ലജിസ്ലേറ്റീവ് കൗൺസിൽ ഗോവധ നിരോധന നിയമം പാസാക്കി. സെലക്‌ട് കമ്മറ്റിയിൽ ചർച്ച ചെയ്‌ത ശേഷം തീരുമാനമാകാമെന്ന പ്രതിപക്ഷ ആവശ്യം ബിജെപി സർക്കാർ പരിഗണിച്ചില്ല. ബില്ല് കർഷകരുടെ താൽപര്യങ്ങൾക്കെതിരാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പുതുതായി ചുമതലയേറ്റ ബിജെപിയുടെ ഡപ്യൂട്ടി ചെയർമാൻ എംകെ പ്രാണേഷാണ് ബില്ല് വോട്ടിനിടാൻ തീരുമാനിച്ചത്.
പ്രതിഷേധത്തിനിടെ പ്രതിപക്ഷം ബില്ലിന്‍റെ പകര്‍പ്പ് കീറിക്കളഞ്ഞു. ബഹളത്തിനിടെ ശബ്‌ദവോട്ടോടെയാണ് സഭ ബില്ല് പാസാക്കിയത്. ഗോവധ നിരോധന നിയമ പ്രകാരം സംസ്ഥാനത്ത് കന്നുകാലികളെ കൊന്നാൽ ഏഴ് വർഷം തടവും പിഴയും ശിക്ഷ ലഭിക്കും. സംസ്ഥാനത്ത് പശുക്കൾക്കെതിരായ അതിക്രമങ്ങൾ, കശാപ്പ് എന്നിവയിൽ ഏർപ്പെടുന്നവർക്ക് കർശന ശിക്ഷ നൽകാൻ ഉത്തരവുണ്ട്. ബിജെപി സർക്കാർ അധികാരത്തിൽ വന്നത് മുതൽ പരിഗണനയിലുണ്ടായിരുന്ന നിയമമാണ് ഇപ്പോൾ പാസാക്കിയിരിക്കുന്നത്.