ബംഗളൂരു: കർണാടകയിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർ രാജി സമർപ്പിച്ചു. ആനന്ദ് സിങും രമേഷ് ജാർക്കിഹോളിയുമാണ് രാജി നൽകിയത്. ബെല്ലാരിയിലെ വിജയനഗർ എംഎൽഎയാണ് ആനന്ദ് സിംഗ്. ഇദ്ദേഹം രാവിലെ ഗവർണറെ കണ്ട് രാജി നൽകി. മണിക്കൂറുകൾക്കുള്ളിൽ രമേഷ് ജാർക്കിഹോളിയും സ്പീക്കറിന് രാജി സമർപ്പിച്ചു.
കർണാടകയിൽ രാഷ്ട്രീയ നീക്കങ്ങൾ സജീവമാകുമ്പോൾ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അമേരിക്കൻ സന്ദർശനത്തിലാണ്. കോൺഗ്രസിൽ നിന്നും രണ്ട് പേർ കൂടി പോയതോടെ നിയമസഭയിൽ പാർട്ടിക്ക് അംഗങ്ങൾ 77 ആയി. ആനന്ദ് സിങിന്‍റെ രാജി ഞെട്ടിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാർ പറഞ്ഞു.