ബെംഗളൂരു: വിശ്വാസപ്രമേയത്തിന്മേലുള്ള ചർച്ച പൂർത്തിയാകാതെ കർണാടക നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. വിശ്വാസ വോട്ടെടുപ്പിന്‍റെ നടപടിക്രമങ്ങൾ തിങ്കളാഴ്ച പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഉറപ്പ് നല്‍കി. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിക്ക് സഭ വീണ്ടും ചേരും.
ചൊവ്വാഴ്ച വോട്ടെടുപ്പ് നടത്താമെന്ന് കോൺഗ്രസ് - ജെഡിഎസ് സഖ്യം സ്പീക്കറെ അറിയിച്ചെങ്കിലും സ്പീക്കർ അത് അംഗീകരിച്ചില്ല. വോട്ടെടുപ്പ് നടപടിക്രമങ്ങൾ ഇന്ന് തന്നെ പൂർത്തിയാക്കണമെന്ന് ഗവർണർ വാജുഭായ് വാല നിർദ്ദേശിച്ചെങ്കിലും സ്പീക്കർ അത് തള്ളി. ഗവർണറുടെ ഇടപെടല്‍ കേന്ദ്രസർക്കാരിന്‍റെ നിർദ്ദേശപ്രകാരമാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമി ആരോപിച്ചു.
വിപ്പ് സംബന്ധിച്ച കോടതിവിധിയില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് കുമാരസ്വാമിയും കോൺഗ്രസും സുപ്രീം കോടതിയെ സമീപിച്ചു. വിശ്വാസ വോട്ടെടുപ്പ് അധികം വൈകിപ്പിക്കരുതെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു.