ബെംഗളൂരു: കന്നഡ ചലച്ചിത്ര മേഖലയും മയക്കുമരുന്ന് വിതരണക്കാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക സർക്കാർ. മയക്കുമരുന്ന് മാഫിയക്കെതിരെ സർക്കാർ യുദ്ധം പ്രഖ്യാപിച്ചെന്നും സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടെന്നും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
സംസ്ഥാന സർക്കാർ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയെ സഹായിക്കുന്നുണ്ടെന്നും കന്നഡ ചലച്ചിത്ര താരങ്ങളിൽ ചിലർ മയക്കുമരുന്നിന് അടിമകളാണെന്ന ആരോപണം സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കാൻ കന്നഡ ചലച്ചിത്ര നിർമാതാവ് ഇന്ദ്രജിത് ലങ്കേഷിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബൊമ്മെ പറഞ്ഞു. കന്നഡ സിനിമ മേഖലയിലെ താരങ്ങൾ റേവ് പാർട്ടികൾ സംഘടിപ്പിക്കാറുണ്ടെന്നും ലങ്കേഷ് ആരോപിച്ചിരുന്നു. കന്നഡ ടെലിവിഷൻ താരത്തെയും രണ്ട് സഹായികളെയും കഴിഞ്ഞ ദിവസം എൻസിബി അറസ്റ്റ് ചെയ്‌തിരുന്നു.