ബെംഗളൂരു: കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ രാജിവച്ചു. മന്ത്രിസഭാ രൂപീകരണത്തിന് ശേഷം സ്പീക്കര്‍ക്കെതിരെ അവിശ്വാസം കൊണ്ടുവരാന്‍ ബിജെപി ശ്രമം തുടങ്ങിയതിന് പിന്നാലെയാണ് രാജി തീരുമാനം.
രാജിക്ക് പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ക്ക് നന്ദി പറഞ്ഞ് അദ്ദേഹം വിടവാങ്ങല്‍ പ്രസംഗം നടത്തി. എല്ലാവരും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ ജനപ്രതിനിധികളെ ജനങ്ങള്‍ ബഹുമാനിച്ചിരുന്നു. പക്ഷേ ഇന്ന് രാഷ്ട്രീയം പണം സമ്പാദിക്കാനുള്ള മാര്‍ഗമായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ മനസിന് അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യ, എച്ച് ഡി കുമാരസ്വാമി, ബിഎസ് യെദ്യൂരപ്പ എന്നിവരെ സ്പീക്കര്‍ പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു.
കൂറുമാറ്റ നിരോധന നിയമപ്രകാരം മുഴുവന്‍ വിമത എംഎല്‍എമാരേയും കഴിഞ്ഞ ദിവസം സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. സ്പീക്കറുടെ നടപടിയെ അഭിനന്ദിച്ച് എച്ച് ഡി കുമാരസ്വാമിയും രംഗത്തെത്തിയിരുന്നു.