ബെംഗളൂരൂ: ലോക്ക് ഡൗൺ മൂലം വരുമാനം നഷ്ടപ്പെട്ട ചെരുപ്പുകുത്തികൾക്കും ഇവരുടെ കുടുംബത്തിനുമായി സർക്കാർ 5000 രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. 11,000 കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക. ചെരുപ്പുകുത്തികൾക്കായി 5000 രൂപ സാമ്പത്തിക സഹായം മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പ്രഖ്യാപിച്ചതായി ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോൾ അറിയിച്ചു. നിരത്തുകളിൽ ഇരുന്ന് ജോലി ചെയ്യുന്ന ചെരുപ്പുകുത്തികളെ ലോക്ക് ഡൗൺ വളരെയധികം ബാധിച്ചതായും ഈ കുടുംബങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.
സ്വർണ്ണപ്പണിക്കാർ, മരപ്പണിക്കാർ, തയ്യൽക്കാർ, ഇരുമ്പുപണിക്കാർ തുടങ്ങിയ വിഭാഗങ്ങളിൽ പെട്ടവരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പാക്കേജിന് കീഴിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ നേതാക്കൾ മുഖ്യമന്ത്രി യെദ്യൂരപ്പയെ സന്ദർശിച്ചിരുന്നു. ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്നവർക്ക് യെദ്യൂരപ്പ സർക്കാർ 1610 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പാക്കേജിൽ ബാർബർ, ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർക്ക് 5000 രൂപ വീതം നഷ്ടപരിഹാരവും ഉൾപ്പെടുത്തിയിട്ടുണ്ട്.