ബെംഗളൂരു: കര്‍ണാടകയില്‍ ലോക്ക് ഡൗൺ നിയന്ത്രണങ്ങളില്‍ നാളെ മുതല്‍ ഇളവുകൾ. കണ്ടെയ്‌ൻമെന്‍റ് സോൺ, റെഡ് സോൺ എന്നിവിടങ്ങളൊഴികെയുള്ള സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ബസ് സര്‍വീസുകൾ നാളെ മുതല്‍ ആരംഭിക്കും. സ്വകാര്യബസുകൾക്കും സർവീസ് നടത്താൻ അനുമതിയുണ്ടെന്ന് മുഖ്യമന്ത്രി ബി.എസ് യെഡ്യൂരപ്പ പറഞ്ഞു. 30 പേർക്ക് മാത്രമേ ബസുകളിൽ യാത്ര ചെയ്യാൻ അനുവാദമുള്ളൂ. എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ശാരീരിക അകലം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബസ് നിരക്ക് വർദ്ധിപ്പിക്കില്ല. അതേസമയം അടിയന്തര സാഹചര്യങ്ങൾക്കല്ലാതെ അന്തർ സംസ്ഥാന ഗതാഗതം അനുവദിക്കില്ല.
ഓട്ടോയില്‍ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേര്‍ക്കും ടാക്‌സിയില്‍ നാല് പേര്‍ക്കുമായി സര്‍വീസ് നടത്താം. സംസ്ഥാനത്തിനകത്ത് ട്രെയിന്‍ സര്‍വീസ് അനുവദിക്കും. എന്നാല്‍ മെയ് 31 വരെ അന്തർ സംസ്ഥാന സർവീസുകൾ നടത്തില്ല. രാവിലെ ഏഴ് മുതൽ ഒമ്പത് വരെയും വൈകുന്നേരം അഞ്ച് മുതൽ രാത്രി ഏഴ് വരെയും പാർക്കുകൾ തുറക്കാൻ അനുമതിയുണ്ട്. സലൂണുകൾക്കും തുറന്ന് പ്രവര്‍ത്തിക്കാം. ഷോപ്പിങ് മാളുകൾ, സിനിമാ തിയേറ്ററുകൾ എന്നിവയൊഴികെയുള്ള എല്ലാ കടകൾക്കും തുറന്ന് പ്രവര്‍ത്തിക്കാം. രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെയുള്ള കർഫ്യൂ തുടരുമെന്നും ഞായറാഴ്‌ചകളിൽ സമ്പൂര്‍ണ അടച്ചിടലായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.