ന്യൂഡൽഹി: കർണാടകയിലെ വിമത എംഎൽഎമാരുടെ രാജി അംഗീകരിക്കാൻ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട ഹര്‍ജിയിൽ സ്പീക്കർക്ക് ഉചിതമായ തീരുമാനം എടുക്കാമെന്ന് സുപ്രീംകോടതി വിധി. രാജി അംഗീകരിക്കണമെന്ന് സ്പീക്കറെ നിർബന്ധിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. കർണാടകയിലെ 15 വിമത എംഎൽഎമാർ നൽകിയ ഹർജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി.
15 വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കാനുള്ള അധികാരം സ്പീക്കർക്കാണ്. അനുയോജ്യമായ സമയത്തിനുള്ളിൽ സ്പീക്കർക്ക് ഉചിതമായ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇക്കാര്യം എപ്പോൾ വേണമെങ്കിലും തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വ്യക്തമാക്കി. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ വിമത എംഎൽഎമാരെ നിർബന്ധപൂർവം പങ്കെടുപ്പിക്കരുതെന്നും കോടതി ഉത്തരവിട്ടു. ഈ കേസിലെ ഭരണഘടനപരമായ വിഷയങ്ങൾ പിന്നീട് വിശദമായി പരിശോധിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് സ്പീക്കർ രമേഷ് കുമാർ പ്രതികരിച്ചു.
ഈ മാസം ആറിനാണ് എംഎല്‍എമാർ രാജിക്കത്ത് നൽകിയത്. രാജിക്കത്ത് നൽകിയിട്ടും സ്പീക്കർ നടപടിയെടുക്കാത്തതിനെ തുടർന്നാണ് എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചത്.