ബംഗളൂരു: മന്ത്രിസഭാ പുന:സംഘടനയ്ക്കും വിപുലീകരണത്തിനുമായി കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഡല്‍ഹിയിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ട്. സാംസ്കാരിക മന്ത്രി സി.ടി.രവിയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അരവിന്ദ് ലിംബാവലി, ഉമേഷ് കട്ടി, ബസംഗൗഡ പാട്ടീൽ യത്‌നാൽ, സുനിൽ കുമാർ, ഹലാഡി ശ്രീനിവാസ് ഷെട്ടി എന്നിവരാണ് യെദ്യൂരപ്പയുടെ മന്ത്രിസഭയിൽ സ്ഥാനം പിടിക്കാൻ സാധ്യതയുള്ളത്. കോൺഗ്രസിന്‍റെ അവിശ്വാസ പ്രമേയത്തിനെതിരെ സെപ്റ്റംബർ 27 ന് കർണാടക മുഖ്യമന്ത്രി സംസ്ഥാന നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചിരുന്നു. പ്രതിപക്ഷമായ കോൺഗ്രസ് മുന്നോട്ടുവച്ച അവിശ്വാസ പ്രമേയം ശനിയാഴ്ച രാത്രി ശബ്‌ദ വോട്ടിലൂടെ പരാജയപ്പെടുകയായിരുന്നു.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ അട്ടിമറിച്ചാണ് കര്‍ണാടകയില്‍ ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് എത്തിച്ച എംഎല്‍എമാരും ബിജെപിയില്‍ മന്ത്രിസ്ഥാനം കാത്തിരിക്കുന്ന എംഎല്‍എമാരുമാണ് യെദ്യൂരപ്പയ്ക്ക് മുന്നിലുളള വന്‍ തലവേദന. മന്ത്രിസഭാ വികസനം അതിനാല്‍ തന്നെ കീറാമുട്ടിയായി തുടരുകയാണ്. യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണം എന്ന ആവശ്യം ബിജെപിക്കുളളില്‍ ശക്തമാണ്. അദ്ദേഹത്തിന്‍റെ പ്രായാധിക്യം അടക്കമുളള കാരണങ്ങളാണ് പ്രത്യക്ഷത്തില്‍ ചൂണ്ടിക്കാട്ടപ്പെടുന്നത്. മാത്രമല്ല 2023ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയെ നയിക്കാന്‍ കെല്‍പ്പുള്ള ഒരു പകരക്കാരനെ നേതൃത്വത്തിന് കണ്ടെത്തേണ്ടതായിട്ടുണ്ട്. അത് അത്ര എളുപ്പമല്ല താനും.