ബെംഗളുരു: കർണാടക ഉപതെരഞ്ഞെടുപ്പില്‍ പതിനഞ്ചില്‍ പന്ത്രണ്ട് സീറ്റും നേടി ബിജെപി. തെരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളില്‍ 12 സീറ്റും ബിജെപി നേടിയപ്പോൾ രണ്ട് സീറ്റ് കോൺഗ്രസും ഒരിടത്ത് സ്വതന്ത്രനും വിജയിച്ചു. ജെഡിഎസിന് സീറ്റിങ് സീറ്റികളില്‍ പോലും ആധിപത്യം നേടാനായില്ല.
ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്‍റെ ഭാവി നിര്‍ണയിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാൻ ബിജെപിക്ക് വേണ്ടത് ആറ് സീറ്റുകളായിരുന്നു. രാവിലെ എട്ട് മണി മുതല്‍ ആരംഭിച്ച വോട്ടണ്ണലില്‍ ആദ്യഘട്ടം മുതല്‍ കണ്ടത് ബിജെപിയുടെ മുന്നേറ്റമാണ്. വോട്ടണ്ണലിന്‍റെ ഒരു ഘട്ടത്തില്‍ പോലും രണ്ട് സീറ്റില്‍ കൂടുലതല്‍ ലീഡ് നോടാൻ കോൺഗ്രസിനായില്ല. എക്‌സിറ്റ് പോൾ പ്രവചനങ്ങളെ ശരിവെക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നിരിക്കുന്നത്.
ഹൊസെകോട്ടയിലാണ് ബിജെപി വിമതനായി മത്സരിച്ച സ്വതന്ത്രന്‍ ശരത് കുമാര്‍ ബച്ചെഗൗഡയാണ് ജയിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി എത്തിയ എം.ടി.ബി.നാഗരാജിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ശിവാജി നഗറിലും ഹുനസുരുവിലുമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. ശിവാജി നഗര്‍ കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റും ഹുനസുരു ജെഡിഎസിന്‍റെ സിറ്റിങ് സീറ്റുമായിരുന്നു.
നിലവിൽ 207 അംഗങ്ങളുള്ള കർണാടക നിയമസഭയിൽ ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണയാണ് യെദ്യൂരപ്പ സർക്കാരിനുണ്ടായിരുന്നത്. കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തിന് 100 ഉം ബിഎസ്‍പിക്ക് ഒരു സീറ്റുമാണ് സഭയിലെ അംഗബലം. 222 സീറ്റുകളുള്ള സഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 112 സീറ്റുകളാണ്. സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച് 17 കോൺഗ്രസ്, ജെ.ഡി.എസ് എംഎൽഎ മാർ രാജിവച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.